സര്‍ച്ച് വാറണ്ട് പോലുമില്ലാതെയാണ് വിജിലന്‍സ് കെ.എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നു പറഞ്ഞ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: അധവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ വിഷയത്തില്‍ വിജിലന്‍സിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ച്ച് വാറണ്ട് പോലുമില്ലാതെയാണ് വിജിലന്‍സ് കെ.എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നു പറഞ്ഞ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വിജിലന്‍സിനുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അഭിപ്രായപ്പെട്ടു. നിയമസഭയില്‍ സബ്മിഷനായാണ് ചെന്നിത്തല ഈ വിഷയം ഉയര്‍ത്തിയത്.
ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ തെറ്റില്ല. പ്രതികാര നടപടികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഐ.എ.എസ്- ഐ.പി.എസ് പ്രശ്‌നങ്ങള്‍ കാരണം സെക്രട്ടറിയേറ്റില്‍ ഒന്നും നടക്കാത്ത അവസ്ഥയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
വിജിലന്‍സ് പരിശോധന സംബന്ധിച്ച് കെ.എം എബ്രഹാം നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
റെയ്ഡില്‍ വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും പക്ഷേ വിജിലന്‍സ് ഡയറക്ടറെ തള്ളാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ബുധനാഴ്ച വൈകുന്നേരമാണ് കെ.എം എബ്രഹാമിന്റെ ജഗതിയിലുള്ള ഫ്‌ളാറ്റില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തിയത്. വാറന്റില്ലാതെയാണ് വിജിലന്‍സ് പരിശോധന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസസിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ ജേക്കബ് തോമസിനെതിരായ സി.ബി.ഐ നടപടി സ്വാഭാവികമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നു. ജേക്കബ് തോമസ് അനധികൃതമായി എന്തെങ്കിലും ചെയ്തതായി അറിയില്ല. ജേക്കബ് തോമസിനെ പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.