| Friday, 30th January 2026, 4:47 pm

സംഘപരിവാറിനെ നാണിപ്പിക്കും വിധത്തിലുള്ള ദുഷ്പ്രചരണം; സോണിയ ഗാന്ധിക്കെതിരായ സി.പി.ഐ.എം വിമര്‍ശനങ്ങളില്‍ രമേശ് ചെന്നിത്തല

രാഗേന്ദു. പി.ആര്‍

ഹരിപ്പാട്: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിക്കെതിരെ കേരളത്തിലെ സി.പി.ഐ.എം നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചരണം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എം.എല്‍.എ രമേശ് ചെന്നിത്തല.

ബി.ജെ.പിയെയും സംഘപരിവാറിനെയും നാണിപ്പിക്കുന്ന വിധത്തിലാണ് സോണിയ ഗാന്ധിക്കെതിരെ കേരളത്തിലെ സി.പി.ഐ.എം ദുഷ്പ്രചരണം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വികൃതമായ സി.പി.ഐ.എമ്മിന്റെ മുഖം രക്ഷിക്കാന്‍ സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്നെ ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ പോലും അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ സി.പി.ഐ.എം നേതാക്കള്‍ സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

രക്തസാക്ഷി ഫണ്ട് പോലും കൊള്ളയടിക്കുന്ന സി.പി.ഐ.എം നേതാക്കളുടെ തനിനിറം പുറത്തായപ്പോള്‍, അതില്‍ നിന്നെല്ലാം തലയൂരാനുള്ള മാര്‍ഗമായി ഇത്തരം ദുഷ്പ്രചരണങ്ങളെ സി.പി.ഐ.എം ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സോണിയ ഗാന്ധിയെ മകളെന്നാണ് വിളിക്കാറുണ്ടായിരുന്നത്. ആ ആത്മബന്ധമൊന്നും ശിവന്‍കുട്ടിയെ പോലൊരാള്‍ക്ക് മനസിലാകണമെന്നില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു

മറ്റൊരു ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുത്ത സുഹൃത്തും ഇന്ത്യാ മുന്നണിയുടെ നേതാവുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധിയെ ചെളിവാരിയെറിഞ്ഞ് സി.പി.ഐ.എം രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

നെഹ്റു കുടുംബം കോണ്‍ഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ സഹധര്‍മിണിക്കെതിരെ സി.പി.ഐ.എം രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുമായി ഇറങ്ങിയാല്‍ ജനങ്ങള്‍ അതിന് ചുട്ടമറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ അധിക്ഷേപകരമായ പ്രസ്താവന പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു.

ശിവന്‍കുട്ടിയെ അവനിവന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് വാദിച്ച സതീശന്‍, മന്ത്രിക്കെതിരായ പ്രസ്താവന കുറച്ചധികം കടന്നുപോയെന്നും നിയമസഭയില്‍ പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും ചോദ്യം ചെയ്യണമെന്നതടക്കമുള്ള ശിവന്‍കുട്ടിയുടെ പ്രസ്താവനകളാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തെ മുന്‍നിര്‍ത്തിയാണ് സി.പി.ഐ.എമ്മിന്റെ വിമര്‍ശനം.

Content Highlight: Ramesh Chennithala demands an immediate end to the negative propaganda being carried out by CPIM leaders in Kerala against Sonia Gandhi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more