ആലപ്പുഴ: ‘ദി കേരള സ്റ്റോറി 2’വിനെതിരെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തല. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും നമ്മള്‍ എക്കാലവും അമൂല്യമായി കരുതുന്ന മതാതീതമായ നമ്മുടെ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനും ഉദ്ദേശിച്ചാണ് ‘ദി കേരളാ സ്റ്റോറി’ നിര്‍മിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ വ്യാകുലപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.
ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നമ്മുടെ നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമാണ് നിര്‍മിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തില്‍ വെറുപ്പും ശത്രുതയും മതവര്‍ഗീയതയും കുത്തിനിറച്ചാണ് രണ്ടാം ഭാഗം ഇറക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികള്‍ക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ സംസ്‌കാരത്തെ എത്ര കണ്ട് വികൃതമാക്കാന്‍ കഴിയുന്നോ അത്ര കണ്ടവര്‍ വികൃതമാക്കും. നമ്മുടെ മതേതര ബോധത്തെയും മാനവികതയിലധിഷ്ഠിതമായ കൂട്ടായ്മകളെയും എത്ര കണ്ട് അവഹേളിക്കാമോ അത്ര കണ്ട് അവര്‍ അവഹേളിക്കും. എന്നാല്‍ അവര്‍ പരാജയപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ-സാംസ്‌കാരിക ബോധത്തെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ടതാണ് കേരളത്തിന്റെയും മലയാളിയുടെയും സംസ്‌കാരം. രണ്ട് മനുഷ്യര്‍ സ്നേഹത്താല്‍ പരസ്പരം ഒന്നുചേരുമ്പോള്‍ അതിന് മതത്തിന്റെയും വര്‍ഗീയതയുടെയും മുഖവും നിറവും നല്‍കി, അവയെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണങ്ങളില്‍ കുടുക്കിയിടാനും അതുവഴി മനുഷ്യമനസുകളെ വിഭജിച്ച് വെറുപ്പുല്‍പ്പാദിപ്പിക്കാനും ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയും,’ രമേശ് ചെന്നിത്തല പറഞ്ഞു.
നുണകള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കും കീഴടക്കാന്‍ കഴിയുന്നതല്ല മലയാളിയുടെ ഹൃദയം. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് അത് മനസിലാകും. അല്ലെങ്കില്‍ കേരളം ഒറ്റക്കെട്ടായി നിന്ന് അവരെ അത് പഠിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കേരളം നമ്മുടെ ജീവന്റെ ഭാഗമാണ്. വെറുപ്പിന്റെ ശക്തികള്‍ക്ക് സൂചികുത്താനുള്ള ഇടം നമ്മള്‍ കൊടുക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlight: Ramesh Chennithala criticizes The Kerala Story 2