| Wednesday, 27th August 2025, 8:21 pm

ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കേണ്ട, അടിച്ചാല്‍ തിരിച്ചടിക്കും; ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞതിനെതിരെ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം വഴിയില്‍ തടഞ്ഞ് ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കേണ്ടെന്ന് രമേശ് ചെന്നിത്തല. ആക്രമണത്തിന് ശ്രമിച്ചാല്‍ കയ്യുംകെട്ടി നില്‍ക്കില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകരയില്‍ എം.പി ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ സംഭവത്തെ അപലപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

‘ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാമെന്ന് ആരും വിചാരിക്കേണ്ട, കോണ്‍ഗ്രസിന്റെ നേതാക്കളെ ഭീഷണിപ്പെടുത്തി നിര്‍ത്താമെന്ന് കരുതുന്നത് വ്യാമോഹമാണ്. തെരുവില്‍ യുദ്ധം ആരംഭിക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.

നിലപാടിനെ ദൗര്‍ബല്യമായി ആരും കാണേണ്ട. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവരാണ് ഞങ്ങള്‍. സി.പി.എമ്മിന്റെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് (ബുധന്‍) വൈകിട്ടാണ് വടകരയില്‍ ഷാഫി പറമ്പിലിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ മുനിസിപ്പല്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍ എം.പി. പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

എന്നാല്‍ പ്രതിഷേധത്തില്‍ അസ്വസ്ഥനായ എം.പി വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ശേഷം പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഷാഫിയോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. വാഹനത്തില്‍ നിന്നിറങ്ങി എം.പി ഓഫീസിലേക്ക് നടന്നുപോകുകയായിരുന്നു ഷാഫി.

സമരക്കാര്‍ പ്രതിഷേധമെന്ന പേരില്‍ ആഭാസത്തരം കാണിച്ചെന്നും തെറി ഭാഷയാണ് ഉപയോഗിച്ചതെന്നും പേടിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.’വടകര അങ്ങാടീന്ന് പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും. പ്രതിഷേധത്തിന്റെ പേരില്‍ ആഭാസത്തരം വിളിച്ചാല്‍ അത് കേട്ട് നില്‍ക്കില്ല,’ എന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്.

നടുറോഡില്‍ വെച്ചായിരുന്നു എം.പി പ്രതിഷേധക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു. ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നേരിടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

Content Highlight: Ramesh Chennithala criticizes CPM for stopping Shafi Parampil’s vehicle

We use cookies to give you the best possible experience. Learn more