| Sunday, 16th September 2018, 7:43 pm

കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങി; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം നടക്കുന്നത് ഗുണ്ടാപിരിവ്: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവാണെന്ന് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്നും ദുരിത ബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍ അവരെ കബളിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

“കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോട് മന്ത്രിമാര്‍ക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.


ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നെന്നും സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക അക്കൗണ്ട് തുറന്ന ശേഷം അത് പിന്‍വലിച്ചതെന്നും” രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്നും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ആ വെബ് സൈറ്റ് എവിടെയെന്നും ചെന്നിത്തല ചോദിക്കുന്നു.

“പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നല്‍കുമെന്നും കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. അര്‍ഹരെ പിന്‍തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്തു.


ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്പോള്‍ തന്നെ കിറ്റ് നല്‍കുമെന്ന് പറഞ്ഞു. അര്‍ഹരായവരില്‍ ഒരു വലിയ പങ്കിനും കിറ്റ് കിട്ടിയില്ല. അനര്‍ഹര്‍ കൊണ്ടു പോവുകയും ചെയ്തു. ആര്‍ക്കൊക്കെ കിറ്റ് കൊടുത്തു എന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥയാണ്. 22 വസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്നാണ്് പറഞ്ഞത്. എന്നാല്‍ പത്ത് വസ്തുക്കളാണ് ആകെ നല്‍കിയിരിക്കുന്നതെന്നും” ചെന്നിത്തല കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more