| Saturday, 27th June 2020, 11:50 am

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് തിരിച്ചുവരും: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറുന്നെന്ന് റമീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ആഷിക് അബു- പൃഥ്വിരാജ് ടീമിന്റെ വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് റമീസ്. നേരത്തെ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് റമീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്.

എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്.

അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.

എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്.

ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


Latest Stories

We use cookies to give you the best possible experience. Learn more