| Monday, 14th July 2014, 1:54 pm

ബാബാ രാംദേവിന്റെ അനുയായി ഹാഫിസ് സയിദുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക്  ലഷ്‌കറെ തയ്ബ ഭീകരന്‍ ഹാഫിസ് സയിദുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാവുന്നു. ആരുടെ മധ്യസ്ഥനായാണ് വേദ് പ്രതാപ് ഹാഫീസ് സയീദിനെ കണ്ടെതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സയിദുമായി ജൂലൈ രണ്ടിനായിരുന്നു ലാഹോറില്‍ വെച്ച് വേദ് പ്രതാപ് കൂടിക്കാഴ്ച്ച നടത്തിയത്. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരമാണ് വൈദിക് ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധി ആയാണോ വൈദിക് സയിദിനെ കണ്ടതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചു. വേദ് പ്രതാപ് സയിദിനെ കണ്ടതിന്റെ കാരണം അദ്ദേഹമാണ് വ്യക്തമാക്കേണ്ടതെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാത്തരത്തിലുള്ള ജനങ്ങളുമായി സംവദിക്കേണ്ടി വരുമെന്ന് വൈദിക് പ്രതികരിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും വിശദീകരണം തേടണമെന്നും മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more