| Saturday, 14th November 2026, 11:45 pm

ഒമ്പത് ദിവസം, നേടിയത് 1130 കോടി; ദിനംപ്രതി പിടിമുറുക്കി രാമായണ

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നമിത് മല്‍ഹോത്ര സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം അതിന്റെ പൂര്‍ണതയില്‍ ആര് അവതരിപ്പിക്കും എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു നമിത് മല്‍ഹോത്ര നിര്‍മിച്ച ചിത്രം.

ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം എന്ന ലേബലില്‍ നാലായിരം കോടി മുതല്‍മുടക്കില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഒരുപാട് സംശയങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം 600 കോടി ചെലവിട്ട കല്‍ക്കിയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2100 കോടി നേടിയ ആമിര്‍ ഖാന്‍ നായകനായ ദംഗലും ആണെന്നിരിക്കെ രാമായണയുടെ വിജയത്തിന് അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം എന്ന സൂചനയാണ് റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ദീപാവലി റിലീസായെത്തിയ ചിത്രം ഭാഷാഭേദമന്യേ ഇന്ത്യയിലെ ഭൂരിഭാഗം ബോക്‌സ് ഓഫീസുകളില്‍ നിന്നും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് 1000 കോടിയായിരുന്നു ചിത്രം ആഗോളതലത്തില്‍ നിന്നും സ്വന്തമാക്കിയത്. ഒമ്പതാം ദിനത്തില്‍ ഇത് എത്തിനില്‍ക്കുന്നത് 1130 കോടിയിലാണ്.

ഇന്ത്യയില്‍ രാമായണയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. 155 കോടിയാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് രാവണനായി അഭിനയിച്ച യഷിന്റെ കോട്ടയായ കര്‍ണാടകയാണ്. 114 കോടിയാണ് ചിത്രത്തിന് കര്‍ണാടകത്തില്‍ നിന്നും ഇത്രയും ദിവസത്തിനുള്ളില്‍ നിന്നും നേടാന്‍ സാധിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നാകട്ടെ ചിത്രം ഇതിനോടകം 32 കോടിയും നേടിയിട്ടുണ്ട്.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

ഇതോടെ 1500 കോടിയെന്ന, ചുരുക്കം ഇന്ത്യന്‍ ചിത്രങ്ങള്‍ മാത്രം പിന്നിട്ടിട്ടുള്ള ബെഞ്ച് മാര്‍ക്കില്‍ രാമായണയും ദിവസങ്ങള്‍ക്കുള്ളില്‍ ഇടം നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായ ആമിര്‍ ഖാന്റെ ദംഗലിന്റെ റെക്കോഡ് രാമായണ തകര്‍ക്കുമോ എന്നറിയാനായാണ്. 2070 കോടിയോളമായിരുന്നു ദംഗല്‍ സ്വന്തമാക്കിയത്.

Content Highlight: Ramayana World Wide Box office collection

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more