അനൗണ്‍സ്‌മെന്റ് മുതല്‍ ഏവരും ഏറെ സംശയത്തോടെ നോക്കി കണ്ട ചിത്രമായിരുന്നു നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്ന ലേബലില്‍ ഒരുക്കിയ രാമായണ വിജയമാകുമോ എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണ സിനിമയാക്കുമ്പോള്‍ ആദിപുരുഷ് പോലെ മറ്റൊരു പാതി വെന്ത പരീക്ഷണമാകുമോ എന്ന ചോദ്യവും പ്രസക്തമായിരുന്നു.
എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതായിരുന്നു രാമായണയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മേക്കിങ്ങിന്റെ കാര്യത്തില്‍ വരാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്യുന്ന വിധത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ രാമായണണത്തെ ഒരുക്കിയത്. രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും രാവണനായി യഷും പ്രധനാവേഷത്തിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
രാമായണ. Photo: X.com
ആദ്യദിനത്തില്‍ ബോക്‌സ് ഓഫീസില്‍ പതിഞ്ഞ രീതിയിലാണ് ചിത്രം ഓപ്പണ്‍ ചെയ്‌തെങ്കിലും പിന്നീട് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ ചിത്രം കൊടുങ്കാറ്റായി മാറുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ 1400 കോടിയോളം രാമായണ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 1500 കോടി എന്ന നേട്ടം സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
നിതിഷ് തിവാരി തന്നെ സംവിധാനം ചെയ്ത ദംഗലായിരുന്നു ഇന്ത്യയില്‍ നിന്നും ആദ്യമായി 1500 കോടിയെന്ന നേട്ടം പിന്നിട്ട ചിത്രം. ചൈനയിലും കത്തിക്കയറിയ ദംഗല്‍ ആഗോളതലത്തില്‍ 2070 കോടി നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വാഴുകയാണ്. ബാഹുബലി 2, പുഷ്പ 2, ധുരന്ധര്‍ 2 തുടങ്ങിയവയായിരുന്നു 1500 കോടി എന്ന അപൂര്‍വ സംഖ്യ പിന്നിട്ട മറ്റ് ചിത്രങ്ങള്‍. എന്നാല്‍ ദംഗലൊഴിച്ച് ഈ ചിത്രങ്ങളെല്ലാം തന്നെ സ്വീക്വലുകളായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്.
ആദ്യഭാഗം സൃഷ്ടിച്ച ഹൈപ്പായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം രണ്ടാം ഭാഗത്തിന് ഇത്രയും വലിയ കളക്ഷന്‍ നേടിനല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹൈപ്പുമില്ലാതെയാണ് രാമായണ പാര്‍ട്ട് വണ്‍: റൈസ് ഓഫ് എ ലെജന്‍ഡ് തിയേറ്ററുകളില്‍ നിന്നും രണ്ടാഴ്ച പിന്നിടുന്നതിന് മുമ്പ് ഈ മാര്‍ക്ക് പിന്നിടാന്‍ പോകുന്നത് എന്ന് അറിയുമ്പോഴാണ് രാമായണയുടെ ഇംപാക്ട് വെളിവാകുന്നത്.
ദംഗല്‍. Photo: Scroll.in
ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കഥയെ അതിന്റെ പൂര്‍ണതയില്‍ ദൃശ്യവത്കരിച്ചതാണ് ചിത്രത്തിന്റെ വിജയം. ആദ്യഭാഗം കൊണ്ട് തന്നെ ദംഗലിന്റെ ടോപ് കളക്ഷന്‍ തകര്‍ക്കപ്പെടാമെന്നുള്ള പ്രതീതിയും സിനിമാലോകത്തുണ്ട്. ആദ്യഭാഗത്തെക്കാള്‍ ഗംഭീരമായി രണ്ടാം ഭാഗം ഒരുക്കാന്‍ സാധിച്ചാല്‍ പുതിയ പല നേട്ടങ്ങളിലും രാമായണയ്ക്ക് സ്ഥാനമുറപ്പിക്കാം എന്നതിലും സംശയമില്ല.
Content Highlight: Ramayana set become next 1500 crore grossing Indian movie