| Wednesday, 25th November 2026, 6:55 pm

റിലീസ് ചെയ്ത് 24ാം ദിവസം; കേരള ബോക്‌സ് ഓഫീസില്‍ മമ്മൂക്കയെയും ദുല്‍ഖറിനെയും പിന്നിലാക്കി രാമായണ

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നമിത് മല്‍ഹോത്ര സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം അതിന്റെ പൂര്‍ണതയില്‍ ആര് അവതരിപ്പിക്കും എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു നമിത് മല്‍ഹോത്ര നിര്‍മിച്ച ചിത്രം.

ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം എന്ന ലേബലില്‍ നാലായിരം കോടി മുതല്‍മുടക്കില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഒരുപാട് സംശയങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം 600 കോടി ചെലവിട്ട കല്‍ക്കിയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2100 കോടി നേടിയ ആമിര്‍ ഖാന്‍ നായകനായ ദംഗലും ആണെന്നിരിക്കെ രാമായണയുടെ വിജയത്തിന് അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ വലിയ ചിത്രങ്ങള്‍ക്ക് പ്രതീക്ഷയേകുന്നതായിരുന്നു രാമായണയ്ക്ക് ബോക്‌സ് ഓഫീസില്‍ ലഭിച്ച സ്വീകരണം.

രാമായണ. Photo: X.com

ആഗോളതലത്തില്‍ 1700 കോടിയിലധികം നേടിക്കൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ആദ്യദിനത്തില്‍ ചിത്രത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ ദിനം പ്രതി വമ്പന്‍ കളക്ഷനായിരുന്നു രാമായണ സ്വന്തമാക്കിയത്. എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ, മമ്മൂട്ടിയുടെ ഓ.എം, ദുല്‍ഖര്‍ നായകനായ ആകാശത്തില്‍ ഒരു താരകം തുടങ്ങിയ ചിത്രങ്ങള്‍ റിലീലസിനെത്തുന്നതോടെ രാമായണയുടെ ആധിപത്യം അവസാനിക്കുമെന്നായിരുന്നു പലരും വിലയിരുത്തിയത്.

എന്നാല്‍ കരുത്ത് തെളിയിച്ചുകൊണ്ട് ചിത്രം മുന്നേറുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. മറ്റ് ചിത്രങ്ങള്‍ക്കെല്ലാം തന്നെ പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയ സാഹചര്യത്തിലും ഇന്നലെ (തിങ്കള്‍) ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും 1.60 കോടിയാണ് നേടിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ കേരളത്തിലെ ടോട്ടല്‍ കളക്ഷന്‍ 72 കോടി കടന്നിരിക്കുകയാണ്.

രാമായണ. Photo: X.com

1.50 കോടിയുമായി ഒ.എമ്മാണ് തൊട്ടുപിന്നിലുള്ളത്. ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷനാകട്ടെ 14 കോടിയുമാണ്. 90 ലക്ഷവുമായി കഴിഞ്ഞ ദിവസം മൂന്നാമത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രം ദുല്‍ഖറിന്റെ ആകാശത്തില്‍ ഒരു താരകമാണ്. വലിയ ആവേശത്തിലെത്തിയ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ഏഴേകാല്‍ ലക്ഷം മാത്രമാണ് ലഭിച്ചിരിക്കുന്നത്.

Content Highlight: Ramayana part one movie becomes the topper in Kerala box office on monday

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more