| Monday, 23rd November 2026, 9:47 pm

മഞ്ഞുമ്മലും ബാഹുബലി 2വും വീഴാനായി; കേരള ബോക്‌സ് ഓഫീസില്‍ എഴുപത് കോടി പിന്നിട്ട് രാമായണ പാര്‍ട്ട് വണ്‍

അശ്വിന്‍ രാജേന്ദ്രന്‍

അനൗണ്‍സ്മെന്റ് മുതല്‍ ഏവരും ഏറെ സംശയത്തോടെ നോക്കി കണ്ട ചിത്രമായിരുന്നു നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്ന ലേബലില്‍ ഒരുക്കിയ രാമായണ വിജയമാകുമോ എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണ സിനിമയാക്കുമ്പോള്‍ ആദിപുരുഷ് പോലെ മറ്റൊരു പാതി വെന്ത പരീക്ഷണമാകുമോ എന്ന ചോദ്യവും പ്രസക്തമായിരുന്നു.

എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതായിരുന്നു രാമായണയുടെ തിയേറ്റര്‍ എക്സ്പീരിയന്‍സ്. മേക്കിങ്ങിന്റെ കാര്യത്തില്‍ വരാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്യുന്ന വിധത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ രാമായണണത്തെ ഒരുക്കിയത്. രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും രാവണനായി യഷും പ്രധനാവേഷത്തിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

രാമായണ പാര്‍ട്ട് വണ്‍. Photo: X.com

ആദ്യദിനത്തില്‍ ബോക്സ് ഓഫീസില്‍ പതിഞ്ഞ രീതിയിലാണ് ചിത്രം ഓപ്പണ്‍ ചെയ്തെങ്കിലും പിന്നീട് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ ചിത്രം കൊടുങ്കാറ്റായി മാറുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ചിത്രം ഇതിനോടകം 1700 കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരള ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച മുന്നേറ്റമാണ് ലഭിക്കുന്നത്. ഇന്ന് (തിങ്കള്‍) നാല് മണിവരെയുള്ള കണക്കുകള്‍ പ്രകാരം കേരള ബോക്‌സ് ഓഫീസില്‍ നിന്നും രാമായണ പാര്‍ട്ട് വണ്‍ എഴുപത് കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ബാഹുബലി 2ന്റെയും കളക്ഷന്‍ രാമായണ വെട്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

രാമായണ പാര്‍ട്ട് വണ്‍. Photo: X.com

എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അന്യഭാഷ ചിത്രമായി രാമായണ പാര്‍ട്ട് വണ്‍ മാറുമോ എന്നറിയാനായിട്ടാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രം എണ്‍പത് കോടിയോളമായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം ബാച്ചലര്‍ പാര്‍ട്ടി ഡ്യൂ, ഓ.എം, ആകാശത്തില്‍ ഒരു താരകം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയ സാഹചര്യത്തില്‍ ഇത് സാധ്യമാകുമോ എന്നതും വലിയ ചോദ്യമാണ്.

Content Highlight: Ramayana Part 1 surpasses 70 crore mark from the Kerala Box Office

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more