റിലീസിന് മുമ്പുള്ള പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് കേരള ബോക്സ് ഓഫീസില്‍ സംഹാരതാണ്ഡവമായുകയാണ് രാമായണ. ഇന്ത്യന്‍ ഇതിഹാസകഥയെ ആസ്പദമാക്കി നിതേഷ് തിവാരി അണിയിച്ചൊരുക്കിയ ചിത്രം ചരിത്രവിജയം സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന റെക്കോഡ് രാമായണ സ്വന്തമാക്കാന്‍ പോവുകയാണ്.
കേരളത്തില്‍ ഒരു അന്യഭാഷാ ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ രാമായണയുടെ പേരിലാണ്. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് 80 കോടിക്കടുത്ത് രാമായണ നേടിക്കഴിഞ്ഞു. ഒരു ബോളിവുഡ് ചിത്രത്തിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷനും രാമായണ സ്വന്തം പേരിലാക്കി. തമിഴ് ചിത്രം ജയിലര്‍ 2നെ മറികടന്നാണ് കേരള ബോക്സ് ഓഫീസില്‍ രാമായണ ഒന്നാമതെത്തിയത്.
2017ല്‍ ബാഹുബലി 2 കേരളത്തില്‍ നിന്ന് നേടിയ 75 കോടി എന്ന നേട്ടം ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജയിലര്‍ 2 മറികടന്നത്. എന്നാല്‍ ഇത്രയും കഷ്ടപ്പെട്ട് നേടിയ ഒന്നാം സ്ഥാനത്ത് ഒരു മാസം പോലും ഇരിക്കാന്‍ ജയിലര്‍ 2ന് സാധിച്ചിട്ടില്ല. കേരളത്തില്‍ അധികം മാര്‍ക്കറ്റില്ലാത്ത ഹിന്ദി സിനിമ ഇത്തരമൊരു ട്വിസ്റ്റ് നടത്തിയത് സിനിമാപേജുകളില്‍ വാര്‍ത്തയായിരിക്കുകയാണ്.
25 ദിവസം പിന്നിടുമ്പോഴും കേരള ബോക്സ് ഓഫീസില്‍ രാമായണയുടെ ബോക്സ് ഓഫീസിന്റെ ഹോള്‍ഡ് കുറഞ്ഞിട്ടില്ല. റിലീസ് ദിവസം മുതല്‍ ഇന്നുവരെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടിയില്‍ താഴേക്ക് പോയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ റിലീസുകള്‍ പ്രതിദിനം ഒരു കോടി നേടാന്‍ പാടുപെടുമ്പോള്‍ രാമായണ പുഷ്പം പോലെ ഒരു കോടിയോളം നേടുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രൊമോഷനും പ്രീ റിലീസ് ഇവന്റും നടത്തിയ രാമായണയുടെ അണിയറപ്രവര്‍ത്തകര്‍ കേരളത്തെ ഒഴിവാക്കിയിരുന്നു. പ്രൊമോഷന് ഇവന്റൊന്നും ഇല്ലാതെ കേരളത്തില്‍ നിന്ന് ഇത്രയും വലിയ കളക്ഷന്‍ നേടിയത് പലരെയും അത്ഭുതപ്പെടുത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയേക്കുമെന്നാണ് പ്രവചനം.
വേള്‍ഡ്വൈഡ് കളക്ഷനിലും രാമായണ ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. ഗ്ലോബല്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 1850 കോടിക്കടുത്ത് സ്വന്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ധുരന്ധര്‍ 2നെ മറികടന്ന് ഇയര്‍ ടോപ്പറായി മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ദംഗലിന് ശേഷം 2000 കോടി ക്ലബ്ബില്‍ കയറുന്ന ഇന്ത്യന്‍ സിനിമയെന്ന നേട്ടവും രാമായണയുടെ പേരിലാകുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Ramayana overtakes the collection of Jailer 2 in Kerala Box Office