| Tuesday, 28th July 2026, 11:00 pm

എല്ലാം ശുഭമായി നടക്കാന്‍ ബ്രഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ ട്രെയ്‌ലര്‍ ഇറക്കുന്നുണ്ട്... സ്‌പൈഡര്‍മാനൊപ്പം രാമായണയുടെ ട്രെയ്‌ലറും ത്രീ.ഡിയില്‍ കാണാം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ചരിത്രവിജയമാകാന്‍ പോകുന്ന ചിത്രമാണ് രാമായണ. ഇന്ത്യയുടെ ഇതിഹാസകാവ്യത്തിന് നിതേഷ് തിവാരി ചലച്ചിത്രകാവ്യമൊരുക്കുന്നത് സിനിമാലോകത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. 3000 കോടിയിലേറെ ചെലവഴിച്ച് ഒരുക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണില്‍ രാമായണയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടെങ്കിലും ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കാരണം റിലീസ് തിയതി മാറ്റുകയാണെന്ന് അറിയിച്ചു. ഇപ്പോഴിതാ രാമായണയുടെ ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ജൂലൈ 30നാണ് ട്രെയ്‌ലര്‍ പുറത്തുവിടുക. പുലര്‍ച്ചെ 4.15നാണ് ട്രെയ്‌ലര്‍ റിലീസ്. ബ്രഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ രാമായണയുടെ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര അറിയിച്ചത്. ജൂലൈ 30 മംഗളകരമായി ആരംഭിക്കുന്നത് രാമായണയുടെ ട്രെയ്‌ലറിനൊപ്പമാണെന്നും നമിത് മല്‍ഹോത്ര തന്റെ പോസ്റ്റില്‍ കുറിച്ചു.

ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രമാണ് രാമായണ. ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയ്‌ക്കൊപ്പം രാമായണയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഒന്നാകും ഈ ട്രെയ്‌ലറെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. 3000 കോടിയുടെ ഗ്രാന്‍ഡ്വര്‍ ഈ ട്രെയ്‌ലറിലുണ്ടാകുമെന്നും പ്രേക്ഷകര്‍ പ്രതീക്ഷ പങ്കുവെക്കുന്നു.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രേക്ഷകരിലേക്കെത്തും. ക്യാമറക്ക് മുന്നിലും പിന്നിലുമായി വമ്പന്മാരാണ് അണിനിരക്കുന്നത്. രാമനായി രണ്‍ബീര്‍ വേഷമിടുമ്പോള്‍ യഷ് ആണ് രാവണനായി എത്തുന്നത്. സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. സണ്ണി ഡിയോള്‍, രവി ദുബേ, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറും ആദ്യമായി ഒരു സിനിമക്കായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും രാമായണക്കുണ്ട്. ഇന്റര്‍സ്റ്റെല്ലാറടക്കം പല വമ്പന്‍ സിനിമകളുടെയും വി.എഫ്.എക്‌സ് ചെയ്ത ഡി.എന്‍.ഇ.ജി ആദ്യമായി ഒരു ഇന്ത്യന്‍ സിനിമക്കായി ഗ്രാഫിക്‌സ് ചെയ്യുന്ന ചിത്രം കൂടിയാണ് രാമായണ. വന്‍ പ്രതീക്ഷയാണ് രാമായണയില്‍ പലര്‍ക്കുമുള്ളത്.

Content Highlight: Ramayana movie trailer date announced

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more