| Wednesday, 21st October 2026, 4:10 pm

മൂന്നേ കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം, U സര്‍ട്ടിഫിക്കറ്റ്... വിഷ്വല്‍ ട്രീറ്റായി മാറാന്‍ രാമായണ

അമര്‍നാഥ് എം.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന അവകാശവാദവുമായി എത്തുന്ന ചിത്രമാണ് രാമായണ. ദംഗല്‍, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ നിതേഷ് തിവാരിയാണ് രാമായണത്തിന് വീണ്ടും ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. 4000 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 23ന് അക്കാദമി മ്യൂസിയത്തില്‍ വെച്ചാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെല്ലാം ഗംഭീര ഇവന്റുകളാണ് രാമയണക്കായി അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

‘U’ സര്‍ട്ടിഫിക്കറ്റാണ് രാമായണക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മൂന്നേ കാല്‍ മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഐമാക്‌സിലടക്കം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് ആരംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മാത്രം നാലരക്കോടിയും ഓവര്‍സീസില്‍ നിന്ന് 12.3 കോടിയും രാമായണ സ്വന്തമാക്കി.

രാമായണത്തെ ആസ്പദമാക്കി മുമ്പ് പുറത്തിറക്കിയ ആദിപുരുഷിനെക്കാള്‍ ഭേദപ്പെട്ട ചിത്രമാകും രാമായണയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ നോര്‍ത്ത് ഇന്ത്യയും ആന്ധ്ര/ തെലങ്കാനയും കഴിഞ്ഞാല്‍ മറ്റ് റീജിയണുകളില്‍ ചിത്രം അധികം മുന്നേറില്ലെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. രാമായണത്തെ ആസ്പദമാക്കി വര്‍ഷത്തിലൊരു സിനിമ പുറത്തിറങ്ങുന്നത് പ്രേക്ഷകരില്‍ മടുപ്പ് ഉണ്ടാക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ താരം സായ് പല്ലവി സീതയായി എത്തുമ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ യഷാണ് രാവണനെ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ മാറ്റില്‍ ഷൂട്ട് ചെയ്ത ചിത്രത്തിലെ ചില വി.എഫ്.എക്‌സ് സീനുകള്‍ ചെറിയ രീതിയില്‍ മടുപ്പുണ്ടാക്കുന്നുണ്ടെന്ന് കമന്റുകളുണ്ട്.

2000 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കുന്ന ചിത്രം ബ്രേക്ക് ഇവനാകണമെങ്കില്‍ പോലും 3500 കോടിക്കടുത്ത് ആവശ്യമാണ്. എന്നാല്‍ പ്രീ റിലീസില്‍ അധികം ഹൈപ്പ് ഇല്ലാത്തത് കളക്ഷനെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രേക്ഷകര്‍ക്ക് പരിചിതമായ കഥയെ എങ്ങനെയാകും അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിക്കുക എന്നാണ് പലരും ഉറ്റുനോക്കുന്ന ഫാക്ടര്‍. എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് രാമായണക്ക് സംഗീതമൊരുക്കുന്നത്.

Content Highlight: Ramayana movie got U certificate and duration of more than three hours

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more