| Friday, 20th November 2026, 10:11 pm

17ാം ദിവസത്തിലും രണ്ട് കോടിക്കടുത്ത് ബുക്കിങ്ങിലൂടെ നേടി രാമായണ, രണ്ടാം ദിവസത്തില്‍ ഒരു കോടി പോലും നേടാനാകാതെ ഓമും എ.ഒ.ടിയും

അമര്‍നാഥ് എം.

കേരള ബോക്‌സ് ഓഫീസില്‍ രാമായണയുടെ കുതിപ്പ് അവസാനിക്കുന്നില്ല. നല്ല സിനിമയാണെങ്കില്‍ ഭാഷാ വ്യത്യാസമില്ലാതെ സ്വീകരിക്കുന്ന കേരളത്തിലെ സിനിമാപ്രേമികള്‍ രാമായണയെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി രാമായണ മാറിയിരിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച ഡിമാന്‍ഡാണ് രാമായണക്ക്. ഫാമിലി ഓഡിയന്‍സിന്റെ ആദ്യ ചോയ്‌സാണ് രാമായണ. പുതിയ റിലീസുകള്‍ക്കിടയിലും മികച്ച ഹോള്‍ഡുമായി ചിത്രം കേരള ബോക്‌സ് ഓഫീസില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോഴും രണ്ട് കോടിക്കടുത്ത് ഓരോ ദിവസവും ചിത്രം നേടുകയാണ്.

രാമായണ Photo: Screen grab/ T Series

17ാം ദിവസമായ നാളെ ഇതുവരെ 1.9 കോടി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ രാമായണ സ്വന്തമാക്കിക്കഴിഞ്ഞു. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവും ഓമും അടക്കം പുതിയ റിലീസുകളെ ബഹുദൂരം പിന്തള്ളിയാണ് രാമായണയുടെ കുതിപ്പ്. ഇന്ന് റിലീസായ ഓ.എമ്മിന് ആകെ 90 ലക്ഷം മാത്രമാണ് നാളത്തെ അഡ്വാന്‍സ് സെയിലില്‍ നേടാനായത്. ആദ്യദിനം ലഭിച്ച സമ്മിശ്ര പ്രതികരണം ഓ. എമ്മിന് തിരിച്ചടിയായി.

ദുല്‍ഖറിന്റെ എ.ഒ.ടിയും ബോക്‌സ് ഓഫീസില്‍ പാടുപെടുകയാണ്. ഗംഭീര പ്രതികരണം നേടിയിട്ടും ചിത്രത്തിന് അധികം സ്‌ക്രീനുകളില്ലാത്തത് തിരിച്ചടിയായി. ആദ്യദിനം കഷ്ടിച്ച് ഒരു കോടിക്കടുത്താണ് ട്രാക്ക്ഡ് കളക്ഷന്‍. രണ്ടാം ദിവസം ഇതുവരെ 18 ലക്ഷം മാത്രമേ എ.ഒ.ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളൂ. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചാല്‍ മാത്രമേ ആകാസം ലോ ഒക്ക താര ബോക്‌സ് ഓഫീസില്‍ രക്ഷപ്പെടുകയുള്ളൂ.

ആകാസം ലോ ഒക്ക താര, ഓ. എം Photo: Theatrical poster

അമല്‍ നീരദ് എന്ന ബ്രാന്‍ഡിന്റെ പേരിലെത്തിയ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ആദ്യ വീക്കെന്‍ഡില്‍ തന്നെ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്നാം ദിനം വെറും 14 ലക്ഷം മാത്രമേ ഇതുവരെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ലഭിച്ചുള്ളൂ. അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയെന്നാണ് പലരും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിനെ വിശേഷിപ്പിക്കുന്നത്.

രാമായണക്കൊപ്പം തിയേറ്ററുകളിലെത്തിയ സീനിന്റെ കേരളത്തിലെ കുതിപ്പ് ഏതാണ്ട് അവസാനിച്ച മട്ടാണ്. 17ാം ദിവസം വെറും രണ്ട് ലക്ഷം മാത്രമേ ബുക്കിങ്ങിലൂടെ ലഭിച്ചുള്ളൂ. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 31 കോടിയ സീന്‍ വിതരണക്കാര്‍ക്ക് വലിയ ലാഭം സമ്മാനിച്ചിരിക്കുകയാണ്. കേരളത്തില്‍ ഹാട്രിക്ക് ഹിറ്റും സീനിലൂടെ സൂര്യ തന്റെ പേരിലാക്കി. ഡിസംബര്‍ പകുതി വരെ വലിയ റിലീസുകളൊന്നുമില്ലാത്തത് കേരള ബോക്‌സ് ഓഫീസിലനെ നല്ല രീതിയില്‍ ബാധിക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

Content Highlight: Ramayana 17th day Kerala advance booking is higher than OM and AOT second day pre sale

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more