| Thursday, 2nd April 2026, 12:44 pm

രാമനായി രൺബീർ കപൂർ തിളങ്ങി; രാമായണം ക്യാരക്ടർ ടീസറിന് പിന്നാലെ വി.എഫ്.എക്‌സിന് വിമർശനവുമായി സോഷ്യൽ മീഡിയ

നന്ദന എം.സി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്.

രൺബീർ കപൂർ രാമനായെത്തുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ ലുക്ക് പുറത്തുവന്നതോടെയാണ് സിനിമയെ ചുറ്റിപ്പറ്റിയുള്ള ആവേശം വീണ്ടും ഉയർന്നത്. ഹനുമാൻ ജയന്തിയോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്.

രാമായണ, Photo: Teaser/ Screengrab

രാമന്റെ വേഷത്തിൽ രൺബീർ കപൂർ അവതരിപ്പിക്കുന്ന രൂപം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം ദൃശ്യ വൈഭവത്തിൽ ഒരു വമ്പൻ അനുഭവമായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

രാമനായുള്ള ലുക്കിനായി താരം നടത്തിയ ട്രാൻസ്ഫോർമേഷൻ ശ്രദ്ധേയമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണന്റെ ഗ്ലിംപ്സ് ഉൾപ്പെടുത്തിയതും ചിത്രത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സായ് പല്ലവി സീതയായും, യഷ് ശക്തമായ രാവണനായും എത്തുന്നുണ്ട്.

രാമായണ, Photo: Teaser/ Screengrab

ഇതിന് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്ത കൈകേയിയായും, രാകുൽ പ്രീത് സിംഗ് ശൂർപണഖയായും അഭിനയിക്കുന്നു. ഈ വലിയ താരനിര തന്നെ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

രാമായണ, Photo: Teaser/ Screengrab

എന്നാൽ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ വി.എഫ്.എക്‌സിന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ചില ദൃശ്യങ്ങൾ പ്രതീക്ഷിച്ചതിനൊത്ത് എത്തിയില്ലെന്നും, ചില ഷോട്ടുകൾ എ.ഐ ഉപയോഗിച്ച പോലെ തോന്നുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ.

ഇത്രയും വലിയ ബജറ്റുള്ള ഒരു സിനിമയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ദൃശ്യ ഗുണമേന്മ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം, ചില രംഗങ്ങൾ മികച്ചതാണെന്നും ഫൈനൽ റിലീസിന് മുമ്പ് വി.എഫ്എക്സ് കൂടുതൽ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‌മാനും ഹാൻസ് സിമ്മറുമാണ്. ഈ കൂട്ടുകെട്ട് തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് ഏകദേശം 4000 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. രാമ-രാവണ യുദ്ധം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലിയിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. രണ്ടാം ഭാഗം 2027 ദീപാവലിക്കാണ് എത്തുക.

Content Highlight: Ramayan movie’s character teaser released

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more