| Tuesday, 4th February 2014, 9:27 am

രമയുടെ സമരം രണ്ടാം ദിവസത്തിലേയ്ക്ക്: സമരത്തിന് സാംസ്‌കാരിക ലോകത്തിന്റെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യമുന്നയിച്ച് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തില്‍.

രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സമര വേദിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും പ്രവാഹം.

സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറാ ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍, മാധ്യമപ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ എത്തിയത്.

സമരത്തിന്റെ ഒന്നാം ദിവസത്തില്‍ തന്നെ കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ ഭരണതലത്തില്‍ തീരുമാനമായിട്ടുണ്ട്. ഗൂഢാലോചന പുതിയ കേസായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

്അതേ സമയം സഹന സമരത്തിന് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേര്‍ ആദ്യ ദിവസം രമയ്‌ക്കൊപ്പം നിരാഹാര സമരമിരുന്നു.

ഞായറാഴ്ച രാത്രിയും ഇന്നലെയുമായി ഒഞ്ചിയത്തു നിന്നും കൂടുതല്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒഞ്ചിയം മേഖലയില്‍ നിന്ന് ഇന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ സമരത്തിനെത്താന്‍ തീരുമാനിച്ചതായാണ് സൂചന. ടി.പിയുടെ അമ്മ പത്മിനിയും ഇന്ന് സമരത്തിനെത്തും.

ഒഞ്ചിയത്തിനു പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകരും ആര്‍.എം.പി അനുഭാവികളും ഇന്ന് സമരത്തിനെത്തും.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ സമരം അവസാനിപ്പിയ്ക്കുകയുള്ളൂവെന്ന് ആര്‍.എം.പി ജനറല്‍ സെക്രട്ടറി എന്‍.വേണു, ചെയര്‍മാന്‍ ടി.എല്‍ സന്തോഷ് എന്നിവര്‍ വ്യക്തമാക്കി. കൊന്നവരെ മാത്രം പിടികൂടി കൊല്ലിച്ചവരെ പിടികൂടാതിരിക്കുന്നത് സി.പി.ഐ.എം നേതൃത്വവും യു.ഡി.എഫുമുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും ആര്‍.എം.പി നേതാക്കള്‍ ആരോപിച്ചു.

ബുധനാഴ്ച വൈകീട്ട് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിയ്ക്കുമെന്ന് പറയുന്നത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. സര്‍ക്കാര്‍ പ്രഖ്യാപിയ്‌ക്കേണ്ട ഒരു കാര്യം പിണറായി വിജയന്‍ പറയുന്നതിലൂടെ സര്‍ക്കാരും സി.പി.ഐ.എമ്മും തമ്മിലുള്ള ധാരണ വ്യക്തമായിരിയ്ക്കുകയാണ്.

കുറ്റവാളികള്‍ക്കു വേണ്ടി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിലൂടെ സി.പി.ഐ.എമ്മിന്റെ പാപ്പരത്തം വെളിവായിരിയ്ക്കുകയാണ്- ആര്‍.എം.പി നേതാക്കള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more