| Sunday, 19th April 2020, 12:12 pm

റമദാന്‍ വ്രതം ഒഴിവാക്കണമെന്ന് അള്‍ജീരിയയില്‍ ആവശ്യം, ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്ന് ഈജിപ്തില്‍ വാദം, കൊവിഡിനിടയിലെ റമദാനില്‍ അറബ് രാജ്യങ്ങളില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതമനുഷ്ടിക്കല്‍ ഒഴിവാക്കണമെന്ന് അള്‍ജീരിയയില്‍ ആവശ്യം. അള്‍ജീരിയിലെ രാഷട്രീയപാര്‍ട്ടിയായ അള്‍ജീരിയന്‍ റിന്യൂവല്‍ പാര്‍ട്ടിയുടെ മുന്‍ നേതാവാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും ഇത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നേതാവ് നൗറുദീന്‍ ബൗക്രൗ പറയുന്നത്.

അതേ സമയം ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് രാജ്യത്ത് ചര്‍ച്ചകളും നടന്നു. പ്രതിസന്ധി ഘട്ടത്തില്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എന്ന് ചിലര്‍ ഈ നിര്‍ദ്ദേശത്തെ വിശേഷിപ്പിച്ചപ്പോള്‍ ചിലര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെട്ടെന്നും മെഡിക്കല്‍ രംഗമാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതെന്നും പ്രതികരിച്ചു.

റമദാന്‍ നാളില്‍ നേരത്തെ ഇറാനും സൗദി അറേബ്യയും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ വീട്ടില്‍ നിന്നു തന്നെ നടത്തണമെന്നാണ് സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി അറിയിച്ചത്. ഒപ്പം ഇറാനില്‍ റമദാന്‍ നാളില്‍ പൊതുപ്രാര്‍ത്ഥനകളും പൊതു ചടങ്ങുകളും ഒഴിവാക്കണമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനേഈ ആവശ്യപ്പെട്ടിരുന്നു.

ഈജിപ്തിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്. പൊതു പ്രാര്‍ത്ഥനകള്‍ ഈജിപ്തില്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ റമദാന്‍ വ്രതം ഒഴിവാക്കേണ്ടെന്നാണ് രാജ്യത്തെ അല്‍-അല്‍-അഹ്‌സര്‍ മുസ്ലിം നേതൃത്വം പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊവിഡിന് വഴിവെക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more