| Monday, 18th January 2010, 11:32 am

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ റാവു രഹസ്യനീക്കം നടത്തിയെന്ന് വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍പ്രധാനമന്ത്രി പി വി നരസിംഹറാവു അണിയറയില്‍ കരുക്കള്‍ നീക്കിയിരുന്നെന്ന്് വെളിപ്പെടുത്തല്‍. എന്നാല്‍ 1996ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത് കാരണമാണ് ഇത് നടക്കാതെ പോയത്. മുന്‍ ഐ എ എസ് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ അഡീഷണല്‍ സെക്രട്ടറിയും വിവരോപദേശകനുമായിരുന്ന പി വി ആര്‍ കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റാവു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന 1971 മുതല്‍ അദ്ദേഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന പ്രസാദ് കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്ത, “എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?” എന്ന തെലുങ്കു പുസ്തകത്തിലാണു പുതിയ വെളിപ്പെടുത്തലുകളുള്ളത്.

ബി ജെ പിയെയും വിശ്വഹിന്ദു പരിഷത്തിനെയും ഒഴിവാക്കി ക്ഷേത്രം നിര്‍മിക്കാനായിരുന്നു നരസിംഹറാവുവിന്റെ നീക്കം. ബി ജെ പി മുതലെടുപ്പ് നടത്തുന്നതിന് മുമ്പ് വിഷയത്തില്‍ ഇടപെട്ട് രാഷ്ട്രീയ ലാഭമുണ്ടാക്കുകയും അധികാരം ഉറപ്പിക്കുകയുമായിരുന്നു ലക്ഷ്യം.

അതിനായി മഠാധിപതികളും വിവിധ ഹൈന്ദവ വിഭാഗങ്ങളുമടങ്ങിയ ടസ്റ്റിനെ ക്ഷേത്രനിര്‍മാണച്ചുമതല ഏല്‍പ്പിക്കാനുള്ള പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സംഘപരിവാര്‍ ശക്തികളെ ഒഴിവാക്കി, കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെ ക്ഷേത്രം നിര്‍മിക്കുക എന്നതായിരുന്നു റാവുവിന്റെ ആശയം. അയോധ്യയില്‍ രാമക്ഷേത്രം പണിയുകയെന്നത് ബി ജെ പിക്ക് മാത്രം കഴിയുന്നതല്ലെന്നായിരുന്നു റാവുവിന്റെ നിലപാട്. “രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മെന്നു ബി.ജെ.പി. പറയുന്നു, ഭഗവാന്‍ രാമനെന്താ അവരുടെ സ്വന്തമാണോ?”- ഇതായിരുന്നു റാവുവിന്റെ വാക്കുകളെന്ന് പ്രസാദ് അനുസ്മരിക്കുന്നു.

ഹിമാചല്‍, യു പി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പിയുടെ രാമക്ഷേത്ര നിര്‍മാണ അജന്‍ഡ പൊളിക്കുകയായിരുന്നു റാവുവിന്റെ ലക്ഷ്യം. തങ്ങളുടെ പങ്കാളിത്തമില്ലാത്ത ക്ഷേത്രനിര്‍മാണ നീക്കത്തെ ബി.ജെ.പി. എതിര്‍ക്കുമെന്നും അരാഷ്ട്രീയ ട്രസ്റ്റില്‍ ചേരാതിരിക്കാന്‍ മഠാധിപതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more