ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനകളില്‍ തിരിമറി നടന്നെന്ന കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹjജികളിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ ഇനി പ്രാദേശിക കോടതിയില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നിയമപ്രകാരം വിചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കോടതി അനുമതി നല്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചായിരുന്നു ഹരജികള്‍ പരിഗണിച്ചത്. ശ്രീരാമ ജന്മഭൂമി കേസ് ട്രസ്റ്റ്, അജയ് കുമാര്‍ റായ്, നരേന്ദ്ര കുമാര്‍ ഗോസ്വാമി, സുധാകര്‍ സിംഗ് തുടങ്ങിയ ഹര്‍ജിക്കാര്‍ക്ക് വിചാരണ കോടതിയിലെ തുടര്‍നടപടികളില്‍ സഹായിക്കാമെന്ന് സുപ്രീം കോടതി ഉത്തരവില്‍ അനുവദിച്ചു.
ഈ വിഷയത്തില്‍ പൊതുതാത്പര്യം അടങ്ങിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. അതിനാല്‍, ഒരു കുറ്റകൃത്യത്തിലെ ഇരയ്ക്ക് കോടതിയെ സഹായിക്കാന്‍ നിയമം അനുവദിക്കുന്നത് പോലെ, ഹരജിക്കാര്‍ക്കും അയോധ്യയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ വിചാരണ വേളയില്‍ സഹായിക്കാന്‍ അനുവാദമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹരജികള്‍ തീര്‍പ്പാക്കുമ്പോള്‍, കേസിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ വസ്തുതകളെക്കുറിച്ചോ തങ്ങള്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം, ഈ വിഷയത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. ഇത് കണക്കിലെടുത്ത്, നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഈ റിട്ട് ഹരജികളും അനുബന്ധ വിഷയങ്ങളും ഞങ്ങള്‍ തീര്‍പ്പാക്കുന്നു.’ കോടതിയുടെ ഉത്തരവില്‍ പറയുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ, ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ സംഭാവനകളും വഴിപാടുകളും സംബന്ധിച്ച തെളിവുകള്‍, രേഖകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഡിജിറ്റല്‍ ലോഗുകള്‍ എന്നിവ ഉടന്‍ സംരക്ഷിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകള്‍, വഴിപാടുകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സ്വതന്ത്ര ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Content Highlight: Ram temple donation: SC closes probe pleas, SIT files chargesheet