| Thursday, 21st August 2025, 9:19 pm

ചില മണ്ടന്‍ മൃഗസ്‌നേഹികള്‍ക്ക് 'പട്ടികളുടെ കടി' ലവ് ബൈറ്റ് പോലെ: രാം ഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെയാണ് ദൽഹി – എൻ‌.സി‌.ആറിലെ തെരുവ് നായ ശല്യത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തിയത്. ദൽഹിയിലെ തെരുവ് നായ്ക്കളെയെല്ലാം എട്ട് ആഴ്ചകൾക്കുള്ളിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധിക്കെതിരെ മൃഗസ്നേഹിക്കൾ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.

ഇപ്പോള്‍ സുപ്രീം കോടതി വിധിയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. കോടതി വിധിയെ പിന്തുണച്ചതുകൊണ്ടുതന്നെ ചിലര്‍ തന്നെ ‘നായ് വിരോധി’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം.

തെരുവ് നായ്ക്കളുടെ ശല്യം അവഗണിക്കാന്‍ കഴിയാത്തത്ര ദൂരം പോയിരിക്കുന്നുവെന്നും കാരുണ്യവും പ്രായോഗികതയുള്ള പരിഹാരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ഒരു നായയെ വെറുക്കുന്ന ആളാണെന്ന് കരുതുന്ന എല്ലാ മണ്ടന്‍ നായ് പ്രേമികളോടും എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ അന്ധരും ബധിരരും മസ്തിഷ്‌ക മരണം സംഭവിച്ചവരുമാണോ? എല്ലായിടത്തും സി.സി.ടി.വി വീഡിയോകളില്‍ കുട്ടികളെ കടിക്കുന്നതും, മര്‍ദിക്കുന്നതും, കൊല്ലുന്നതും കാണാന്‍ കഴിയുന്നില്ലേ? കൂടിവരുന്ന പേവിഷബാധ കേസുകളെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നില്ലേ?

തീപിടുത്തം, വെള്ളപ്പൊക്കം, കലാപങ്ങള്‍ എന്നിവ വരുമ്പോള്‍ അതിന്റെ അടിവേര് തേടി പോകുകയാണോ ചെയ്യുന്നത്? അതോ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരാതിരിക്കാനുള്ള പരിഹാരങ്ങളാണോ കാണുക? സുപ്രീം കോടതി ഉത്തരവ് കണ്ണില്ലാത്ത നയമല്ല. മറിച്ച് തെരുവ് നായ്ക്കളുടെ ശല്യം വളരെയധികം കടന്നുപോയിരിക്കുന്ന ഈ സാഹചര്യത്തില്‍ മനുഷ്യജീവന് മുന്‍ഗണന കൂടിയതുകൊണ്ടുള്ളതാണ്,’ അദ്ദേഹം എക്സില്‍ കുറിച്ചു.

പട്ടികളുടെ കടിയേറ്റാല്‍ ചില മണ്ടന്‍ മൃഗസ്‌നേഹികള്‍ ലവ് ബൈറ്റ് പോലെ പെരുമാറുമെന്നും രാം ഗോപാല്‍ വര്‍മ ആരോപിച്ചു. തെരുവ് നായ്ക്കളെ ദത്തെടുക്കാന്‍ ഉറക്കെ നിലവിളിക്കുന്ന നായ പ്രേമികള്‍, വിലകൂടിയ മൃഗഡോക്ടര്‍മാര്‍ നന്നായി പരിപാലിക്കുന്ന ആഡംബര വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിദേശ ഇനങ്ങളെ വാങ്ങുന്ന അതേ ആളുകളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlight: Ram Gopal Varma says some stupid animal lovers treats ‘dog bites’ as love bites

We use cookies to give you the best possible experience. Learn more