തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പെഡിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം 2026 ഏപ്രില്‍ 30ന് തിയേറ്ററുകളിലെത്തും. സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന പെഡി ക്രിക്കറ്റ് പശ്ചാത്തലമായാണ് എത്തുന്നത്. രാം ചരണ്‍ തന്നെയാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ബോളിവുഡ് താരം ജാന്‍വി കപൂറാണ് സിനിമയില്‍ നായികയായെത്തുന്നത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍, ജഗപതി ബാബു, ദിവ്യേന്ദു ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ആര്‍. റഹ്‌മാനാണ്.
മാര്‍ച്ച് 27 ആണ് ചിത്രത്തിന്റെ മുമ്പ് പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. വിവിധ കാരണങ്ങളാല്‍ ചിത്രീകരണം വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ നിലവില്‍ അവസാന ഘട്ട ഷെഡ്യൂളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചയിതാവ് ബുച്ചി ബാബുവിന്റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം.
അതേസമയം ഗെയിം ചേയ്ഞ്ചറാണ് രാം ചരണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശങ്കറിന്റെ സംവിധാനത്തില്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. രാം ചരണിന്റെ ഒരു ഗംഭീര തിരിച്ചുവരവ് പെഡിയില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അടുത്തിടെ താരം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അടുത്ത വെല്ലുവിളിക്കായി തയ്യാറെടുക്കുന്നുവെന്ന അടികുറിപ്പോടെ രാം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു.
Content Highlight: Ram Charan’s Peddi movie on on April 30th