| Friday, 20th June 2025, 12:36 pm

റാം c/o ആനന്ദി; വിപണിയില്‍ ജയിച്ചു എന്നല്ലാതെ യാതൊരു മേന്മയും ഇല്ല; ഇത്തരം കൃതികളെ ആദരിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യും: കല്‍പറ്റ നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഖില്‍ പി. ധര്‍മജന്റെ റാം c/o ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. വിപണിയില്‍ വിജയിച്ചു എന്നതല്ലാത്ത യാതൊരു മേന്മയും ഈ കൃതിക്കില്ലെന്നും ഇത്തരം പുസ്തകങ്ങളെ ആദരിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത നോവല്‍ താന്‍ വായിച്ചതാണെന്നും അത് തന്നെ നിരാശപ്പെടുത്തിയ കൃതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കൃതി അസുഖകരമായൊരു പ്രവണതയുടെ തുടക്കമാണെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു. ഒരു മികച്ച കൃതിയെന്നത് ഭാവുകത്വത്തിന്റെ ആവിഷ്‌കാരണമാണ്. ഒ.വി. വിജയന്റെയും എന്‍.എസ്. മാധവന്റെയും എസ്. ഹരീഷിന്റെയുമെല്ലാം ആദ്യ കൃതികള്‍ തന്നെ പ്രചോദിപ്പിച്ചത് ഭാവുകത്വം കൊണ്ടുള്ള അത്ഭുതമാണെന്നും എന്നാല്‍ അഖില്‍ പി. ധര്‍മജന്റെ ഈ നോവലില്‍ ഭാവുകത്വത്തിന്റെ സ്പര്‍ശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുദ്ധിപരമോ ഭാവനാപരമോ ആയിട്ടുള്ള സര്‍ഗാത്മകമായ ഒരു പ്രയത്‌നവും അഖില്‍ പി ധര്‍മജന്റെ എഴുത്തില്‍ തനിക്ക് കാണാനായിട്ടില്ലെന്നും കല്‍പറ്റ നാരായണന്‍ വിമര്‍ശിച്ചു. അലസമായി വായിക്കാവുന്ന ഇത്തരം പുസ്തകങ്ങളെ ഈ രീതിയില്‍ അംഗീകരിക്കുന്നത് ഭാവിയില്‍ കേരളത്തിലെ എഴുത്തിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയെ കണ്ട് ഭയപ്പെട്ടുപോയതിനാലായിരിക്കാം ഈ പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചതെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ കാലത്ത് എഴുത്ത് കൊള്ളാവുന്ന ഒരു സ്റ്റാര്‍ട്ടപ്പാണെന്ന് ഒരു യുവാവിനോ അല്ലെങ്കില്‍ ഈ അവാര്‍ഡ് നല്‍കിയവര്‍ക്കോ തോന്നിയിരിക്കാം. അതുകൊണ്ടുതന്നെ ഇതൊരു സ്റ്റാര്‍ട്ടപ്പിന് കിട്ടിയ അവാര്‍ഡാണെന്നും അല്ലാതെ ഒരു സാഹിത്യ കൃതിക്ക് കിട്ടിയ അവാര്‍ഡല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവുകത്വം ആവശ്യമില്ലാത്ത എഴുത്തിന്റെ വാതില്‍ തുറന്നിടുന്നവരോട് വിയോജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളില്‍ സങ്കടമുണ്ടെന്ന അഖില്‍ പി. ധര്‍മജന്റെ പ്രതികരണം വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള അദ്ദേഹത്തിന്റെ കെല്‍പില്ലായ്മയാണെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ശക്തിയായും താന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ശരിയായ വഴിയല്ലെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമായും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം അഖില്‍ പി. ധര്‍മജന് ലഭിച്ചത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഒരു പുരസ്‌കാരം ലഭിക്കാന്‍ ഈ പുസ്തകം അര്‍ഹമല്ല എന്നായിരുന്നു പ്രധാനമായ വിമര്‍ശനം. കൂടുതല്‍ കോപ്പികള്‍ വിറ്റഴിച്ചു എന്നതിനപ്പുറം ഈ പുസ്തകത്തിന് യാതൊരു മേന്‍മയുമില്ല എന്നും വിമര്‍ശകര്‍ പറഞ്ഞു. ഈ വിമര്‍ശനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമാണ് ഇപ്പോള്‍ കല്‍പറ്റ നാരായണനും പറഞ്ഞിരിക്കുന്നത്.

content highlights: Ram c/o Anandhi; There is no advantage other than winning the market; Honoring such works will harm the future: Kalpatta Narayanan

We use cookies to give you the best possible experience. Learn more