| Friday, 26th December 2025, 9:19 pm

രാമനും ഹനുമാനും സൂപ്പര്‍മാനേക്കാളും സ്‌പൈഡര്‍മാനേക്കാളും ശ്രേഷ്ഠര്‍: ചന്ദ്രബാബു നായിഡു

രാഗേന്ദു. പി.ആര്‍

അമരാവതി: ഇന്ത്യന്‍ പുരാണങ്ങളിലെ നായകന്മാര്‍ യഥാര്‍ത്ഥ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും പ്രതിനിധീകരിക്കുന്നവരെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.

സ്പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തിരുപ്പതിയിലെ ദേശീയ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ഭാരതീയ വിജ്ഞാന സമ്മേളന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാണങ്ങളിലെ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ഹനുമാന്‍, അര്‍ജുനന്‍ എന്നിവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളേക്കാള്‍ ശ്രേഷ്ഠരാണെന്നും നായിഡു പറഞ്ഞു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം.

‘ഹനുമാന്‍ സൂപ്പര്‍മാനേക്കാളും സ്‌പൈഡര്‍മാനേക്കാളും ശക്തനാണ്. അര്‍ജുനന്‍ ആണെങ്കില്‍ ബാറ്റ്മാനേക്കാളും അയണ്‍മാനേക്കാളും ശക്തന്‍. മികച്ചൊരു യോദ്ധാവുമാണ് അദ്ദേഹം,’ നായിഡു കൂട്ടിച്ചേര്‍ത്തു. രാമായണവും മഹാഭാരതവും അവതാര്‍ പരമ്പരയേക്കാള്‍ മികച്ചതാണെന്നും ആന്ധ്രാ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ പഠനരീതിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചന്ദ്രശേഖര നായിഡുവിന്റെ പരാമര്‍ശം. പാശ്ചാത്യ സൂപ്പര്‍ഹീറോകളെ കുറിച്ചല്ല, ഇന്ത്യയിലെ മഹത്തായ ഇതിഹാസങ്ങളെ കുറിച്ചാണ് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളെ കുറിച്ചുള്ള അറിവ് വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

ശ്രീരാമന്‍ നീതിയുടെ ഏറ്റവും അവസാനത്തെ പ്രതീകമാണെന്നും സമൂഹത്തില്‍ നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട രാമനേക്കാള്‍ വലിയവനായി ലോകത്ത് മറ്റാരുമില്ലെന്നും നായിഡു പറഞ്ഞു.

ബകാസുരന്‍, കംസന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പഠിപ്പിക്കാനാകും. ഹിന്ദു ദൈവങ്ങളെ കുറിച്ച് കുട്ടികള്‍ പഠിച്ചിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുന്‍ മുഖ്യമന്ത്രിയും നടനുമായ എന്‍.ടി. രാമറാവുവിന്റെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍.

Content Highlight: Ram and Hanuman are better than Superman and Spiderman: Naidu

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more