| Tuesday, 13th January 2026, 9:08 pm

വിദേശ ഇടപെടലുകള്‍ക്കെതിരായ റാലികള്‍ ഇറാന്റെ ശക്തമായ മറുപടി: പാര്‍ലമെന്റ് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനില്‍ അടുത്തിടെയുണ്ടായ കലാപ ശ്രമങ്ങള്‍ക്കും വിദേശ ഇടപെടലുകള്‍ക്കുമെതിരെ രാജ്യത്തുടനീളം നടന്ന ജനകീയ റാലികളെ പ്രശംസിച്ച് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കർ ഖാലിബാഫ്.

ജനുവരി 12ന് (തിങ്കളാഴ്ച) നടന്ന റാലിയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്. ഇത് ഇറാന്റെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്ന് ഖാലി ബാഫ് വിശേഷിപ്പിച്ചു.

വിദേശ രാജ്യങ്ങളുടെ പിന്തുണയോടെ രാജ്യത്ത് നടന്ന അക്രമണങ്ങളെ തള്ളിക്കളയാനും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കാനുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയതെന്നും ഖാലിബാഫ് പറഞ്ഞു.

ഇറാനില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശ കരങ്ങളെ വെട്ടിമാറ്റുന്നതിന് തുല്യമായിരുന്നു രാജ്യത്തെ ജനകീയ റാലികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതികളുണ്ടെന്ന കാര്യം ബയര്‍ ഖാലി ബാഫ് സമ്മതിച്ചു.

എങ്കിലും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജനങ്ങളുടെ ക്ഷേമത്തെ ഉന്നം വെച്ചുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇറാനില്‍ ആദ്യഘട്ടത്തിലുണ്ടായ പ്രതിഷേധം സമാധാനപരമായിരുന്നു. എന്നാല്‍ വിദേശ ശക്തികളായ ഇസ്രഈലിന്റെയും അമേരിക്കയുടെയും പ്രസ്താവനകളുടെ പിന്‍ബലത്തില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളാണ് അക്രമങ്ങളിലേക്ക് എത്തിച്ചേര്‍ന്നതെന്നും ബയര്‍ ഖാലി ബാഫ് പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം അമേരിക്ക രാജ്യത്തിനുമേല്‍ നടത്തുന്ന സാമ്പത്തിക ഉപരോധങ്ങളാണെന്നും പാര്‍ലമെന്റ് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Rallies against foreign interference are Iran’s strong response: Parliament Speaker Mohammad Baqer Qalibaf

We use cookies to give you the best possible experience. Learn more