| Friday, 20th February 2026, 9:50 pm

എവിടേം പോയിട്ടില്ല, പുതിയ പടം ലോഡിങ്ങാണ് മക്കളേ, ഷെട്ടി ഗ്യാങ്ങിലെ മൂന്നാമന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

ആരും ശ്രദ്ധിക്കാതെ കിടന്ന കന്നഡ ഇന്‍ഡസ്ട്രിയെ കൈപിടിച്ചുയര്‍ത്തിവരില്‍ പ്രധാനികളായിരുന്നു ഷെട്ടി ഗ്യാങ്. മംഗലാപുരത്ത് നിന്ന് വന്ന മൂന്ന് യുവാക്കള്‍ മികച്ച സിനിമകള്‍ ഒരുക്കി കന്നഡ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടെ സ്ഥാനം സ്വന്തമാക്കി. രക്ഷിത് ഷെട്ടി, രാജ് ബി. ഷെട്ടി, റിഷബ് ഷെട്ടി എന്നിവരെ ഷെട്ടി ഗ്യാങ്ങെന്ന് സിനിമാലോകം വിളിക്കുകയായിരുന്നു.

അഭിനയം, സംവിധാനം, നിര്‍മാണം എന്നീ മേഖലകളില്‍ മൂവരും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കന്നഡയില്‍ വന്‍ ഹിറ്റായി മാറിയ രണ്ട് സിനിമകള്‍ ഷെട്ടി ഗ്യാങ്ങിന്റേതായിരുന്നു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര ചാപ്റ്റര്‍ വണ്‍, രാജ് ബി. ഷെട്ടി നിര്‍മിച്ച സു ഫ്രം സോ എന്നീ സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് വലിയ വിജയമായി മാറി.

എന്നാല്‍ ഇക്കൂട്ടത്തിലെ മൂന്നാമത്തെ ആളായ രക്ഷിത് ഷെട്ടിയെ ആരാധകര്‍ വല്ലാതെ മിസ് ചെയ്യുന്നെന്ന് കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ച് സംസാരിച്ചതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. രണ്ട് വര്‍ഷമായി മാറിനിന്നത് പുതിയ സിനിമയുടെ വര്‍ക്കുകള്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് രക്ഷിത് പറഞ്ഞത്.

2021ല്‍ അനൗണ്‍സ് ചെയ്ത റിച്ചാര്‍ഡ് ആന്തണി എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അടുത്ത മാസം ആരംഭിക്കുമെന്നും രക്ഷിത് കൂട്ടിച്ചേര്‍ത്തു. ഇതിനൊപ്പം ഡ്രീം പ്രൊജക്ടായ പുണ്യകോടിയുടെ വി.എഫ്.എക്‌സ് വര്‍ക്കുകളും ആരംഭിക്കുമെന്നും അടുത്ത വര്‍ഷം തുടക്കത്തില്‍ റിച്ചാര്‍ഡ് ആന്തണി തിയേറ്ററുകളിലെത്തിക്കുമെന്നും താരം പറയുന്നു.

2023ല്‍ പുറത്തിറങ്ങിയ സപ്ത സാഗരദാച്ചേ എലോയാണ് രക്ഷിതിന്റെ അവസാന തിയേറ്റര്‍ റിലീസ്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ സപ്ത സാഗരദാച്ചേ എലോ സിനിമാപ്രേമികളുടെ ഫേവറെറ്റായി മാറി. ബോക്‌സ് ഓഫീസില്‍ റിഷബും രാജ് ബി. ഷെട്ടിയും തകര്‍ക്കുമ്പോള്‍ രക്ഷിതിനെ പലരും മിസ് ചെയ്യുന്നുണ്ടെന്ന പോസ്റ്റുകള്‍ വൈറലായിരുന്നു.

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ആദ്യമായി ചര്‍ച്ചയായ കന്നഡ നടനാണ് രക്ഷിത് ഷെട്ടി. 2016ല്‍ റിലീസായ കിറിക് പാര്‍ട്ടിയിലൂടെയാണ് രക്ഷിത് ശ്രദ്ധേയനായത്. പിന്നീട് 777 ചാര്‍ലി, അവനേ ശ്രീമന്‍ നാരായണ, സപ്ത സാഗരദാചേ എലോ എന്നീ ചിത്രങ്ങളിലൂടെ ഫാന്‍ ബേസും രക്ഷിത് സൃഷ്ടിച്ചു. ഉളിദവരു കണ്ടന്തേ എന്ന ചിത്രത്തിലൂടെ സംവിധായകകുപ്പായവും രക്ഷിത് അണിഞ്ഞിട്ടുണ്ട്. റിച്ചിയുടെ തിരിച്ചുവരവിനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

Content Highlight: Rakshith Shetty saying that he is getting to the pre production of his next movie soon

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more