ഈ വര്‍ഷമിറങ്ങിയ വലിയ ഹിറ്റുകളിലൊന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും. അനൗണ്‍സ്മെന്റ് മുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ അത് തെറ്റിക്കാതെ തന്നെ വന്‍വിജയം കൊയ്തു. മോഹന്‍ലാലിന്റെ തിരിച്ചുവരവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ട സിനിമ കൂടിയായിരുന്നു തുടരും. ആഗോളതലത്തില്‍ സിനിമ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ അടുത്ത മോഹന്‍ലാല്‍ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്. മോഹന്‍ലാലിനെ വെച്ചുള്ള അടുത്ത സിനിമയാണ് താന്‍ പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ പോകുന്നതെന്നും തരുണ്‍ മൂര്‍ത്തി അടുത്ത മോഹന്‍ലാല് ചിത്രം ചെയ്യുന്നുവെന്നുമാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍. രഞ്ജിത്ത് ഈ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തരുണ്‍ മൂര്‍ത്തിയെ സ്റ്റേജിലേക്ക് വിളിക്കുന്നത് കാണാം.
ഇന്‍ഡസ്ട്രി കണ്ട വലിയ വിജയമായി മാറിയ തുടരും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു. ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ താമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിരുന്നു.
ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് വിനാക് ശശികുമാറാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്. നിഷാദ് യൂസഫ് എഡിറ്റ് കൈകാര്യം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാജി കുമാറാണ്.
Content highlight: Rajputra Ranjitha has come forward with the announcement of Mohanlal’s film with tharun moorthy