| Tuesday, 6th May 2025, 8:40 am

'മോനെ തകര്‍ത്തു' തുടരും കണ്ട് എന്നെ ആദ്യം വിളിച്ചത് ആ സംവിധായകന്‍: രജപുത്ര രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ തുടരും കണ്ട് തന്നെ ആദ്യം വിളിച്ചത് സംവിധായകന്‍ ഷാജി കൈലാസ് ആണെന്ന് രഞ്ജിത് പറയുന്നു.

തുടരും കണ്ട് തന്നെ ആദ്യം വിളിച്ചത് ഷാജി കൈലാസ് ആണെന്നും അദ്ദേഹം സിനിമ കണ്ട് ഇടവേള ആയപ്പോള്‍ തന്നെ വിളിച്ചുവെന്നും രഞ്ജിത്ത് പറയുന്നു. താന്‍ സിനിമ കണ്ടുകൊണ്ടിരുന്ന തിയേറ്ററിലും അതേ സമയം ഇന്റര്‍വല്‍ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ടിടത്തോളം തകര്‍ത്തിട്ടുണ്ടെന്നും ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞുവെന്ന് രഞ്ജിത്ത് പറയുന്നു.

‘ സിനിമ ഇന്റ്റര്‍വല്‍ ആയി കഴിഞ്ഞപ്പോള്‍ ആദ്യം എന്നെ വിളിച്ചത് ഷാജി കൈലാസ് ആണ്. തൃപ്പൂണിത്തുറ നിന്ന് സിനിമ കണ്ട് ഇന്റ്റര്‍വല്‍ ആയപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. അപ്പോള്‍ ഞാന്‍ കണ്ട് കൊണ്ടിരുന്നിടത്തും കറക്റ്റ് ഇന്റ്‌റര്‍വല്‍ ആയിരുന്നു. ‘മോനേ, തകര്‍ത്തെടാ’ എന്നെ വിളിച്ചിട്ട് അദ്ദേഹം അങ്ങനെയാണ് പറഞ്ഞത്. ‘സിനിമ ഇടവേള വരെ കണ്ടിട്ട് ഞാന്‍ പറയുകയാണ്, ഇത് കണ്ടിട്ട് ഇനി അങ്ങോട്ടും തകര്‍ക്കും’ ഷാജി കൈലാസ് എന്നോട് പറഞ്ഞു,’രഞ്ജിത്ത് പറയുന്നു.

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു.

Content Highlight: Rajput Ranjith says that Shaji Kailas was the first person to call him after watching the movie Thudarum

Latest Stories

We use cookies to give you the best possible experience. Learn more