സ്‌ക്രീനില്‍ വ്യത്യസ്ത ലുക്കുകളില്‍ വന്നാലും ഓഫ് സ്‌ക്രീനില്‍ തന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന നടനാണ് രജിനികാന്ത്. തന്റെ യഥാര്‍ത്ഥ രൂപം എന്താണെന്ന് പ്രേക്ഷകര്‍ കാണണമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്നാണ് രജിനിയുടെ വിശദീകരണം. തന്റെ നിറത്തെയും രൂപത്തെയും ഓരോ പ്രസംഗത്തിലും കളിയാക്കിക്കൊണ്ട് പ്രേക്ഷകരുടെ കൈയടി വാങ്ങുന്ന രജിനിയെ പലപ്പോഴും കാണാന്‍ സാധിക്കും.
എന്നാല്‍ അടുത്തിടെ നടന്ന കൂലിയുടെ ഓഡിയോ ലോഞ്ചില്‍ രജിനിയുടെ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഓരോ സിനിമയുടെ ഓഡിയോ ലോഞ്ചിലും സ്വല്പം തമാശയും സെല്‍ഫ് ട്രോളുകളുമായി രജിനി കൈയടി നേടാറുണ്ട്. എന്നാല്‍ കൂലിയുടെ ഓഡിയോ ലോഞ്ചില്‍ സ്വയം കളിയാക്കിയതിനോടൊപ്പം മറ്റുള്ളവരെയും കളിയാക്കിക്കൊണ്ടുള്ള രജിനിയുടെ പ്രസംഗത്തിന് വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സിനിമയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെക്കുറിച്ചും രജിനി പ്രത്യേകം പരാമര്‍ശിച്ചു. മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറിനെയും ബോളിവുഡ് താരം ആമിര്‍ ഖാനെയും കുറിച്ച് രജിനി പറഞ്ഞ വാക്കുകള്‍ ബോഡിഷെയിം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു. ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ആരാണെന്ന് താന്‍ ലോകേഷിനോട് ചോദിച്ചെന്നും സൗബിനാണെന്ന് അയാള്‍ മറുപടി നല്‍കിയെന്നും രജിനി പറഞ്ഞു.
‘മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ മാത്രമേ സൗബിനെ ഞാന്‍ കണ്ടിട്ടുള്ളൂ. ദയാല്‍ എന്ന കഥാപാത്രമായി സൗബിന്‍ ശരിയാകുമോ എന്ന് ചിന്തിച്ചു. കഷണ്ടിയുള്ള സൗബിന് പകരം വേറെ ആരെയെങ്കിലും വെച്ച് ചെയ്തുകൂടെ എന്ന് ചോദിച്ചു. പക്ഷേ, സൗബിന്‍ സത്യം പറഞ്ഞാല്‍ ഞെട്ടിച്ചു,’ രജിനികാന്ത് പറഞ്ഞു. സൗബിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ കഷണ്ടിയാണോ അല്ലയോ എന്ന് എന്തിനാണ് പറയുന്നതെന്നാണ് പലരും ചോദിക്കുന്നത്.
ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ ആമിര്‍ ഖാനെക്കുറിച്ചും രജിനി സംസാരിച്ചു. നാഗാര്‍ജുനയെപ്പോലെ തനിക്ക് കണ്‍വിന്‍സാകാത്ത കാര്യമായിരുന്നു ആമിര്‍ ഖാന്റെ അതിഥിവേഷമെന്നും രജിനി കൂട്ടിച്ചേര്‍ത്തു. ഓരോ സ്‌ക്രിപ്റ്റും ശ്രദ്ധയോടെ പഠിച്ച് മാത്രം സിനിമ ചെയ്യുന്ന ആമിര്‍ ഖാന്‍ കൂലിയില്‍ അഭിനയിക്കില്ലെന്നായിരുന്നു താന്‍ വിചാരിച്ചതെന്നും താരം പറയുന്നു.
‘ബോളിവുഡിലെ കാര്യം നോക്കിയാല്‍ അപ്പുറത്ത് ഷാരൂഖ് ഖാന്‍, ഇപ്പുറത്ത് സല്‍മാന്‍ ഖാന്‍. രണ്ടുപേരുടെയും നടുക്ക് കുള്ളനായി ആമിര്‍ ഖാനും. അയാളുടെ കൂടെ പെര്‍ഫോമന്‍സില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നായിരുന്നു എന്റെ ചിന്ത,’ രജിനികാന്ത് പറയുന്നു. എന്നാല്‍ ആമിര്‍ ഖാന്റെ ഉയരക്കുറവിനെ പരിഹസിക്കേണ്ട യാതൊരു കാര്യവും രജിനികാന്തിനില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
അനിരുദ്ധിന്റെ കോണ്‍സെര്‍ട്ടിന് ഒരുപാട് പെണ്‍കുട്ടികള്‍ വരുമെന്നും അവരെ കാണാന്‍ ആണ്‍കുട്ടികളും വരുമെന്ന് രജിനികാന്ത് പറഞ്ഞു. ആണ്‍കുട്ടികളു പെണ്‍കുട്ടികളും ഇരുട്ടത്ത് എന്തൊക്കെയോ ചെയ്യുമെന്നും അനിരുദ്ധ് ഇതൊന്നുമറിയാതെ പാട്ട് പാടിക്കൊണ്ടിരിക്കുമെന്നും താരം പറയുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ മറ്റുള്ളവരെ ഇത്തരത്തില്‍ കളിയാക്കുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം രജിനിയുടെ ‘തമാശ’യാണെന്നും കേള്‍ക്കുന്നവര്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും ന്യായീകരിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 2025ലും ഇത്തരം ബോഡി ഷെയ്മിങ് കൊണ്ട് കൈയടി നേടുന്ന രജിനിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതേ സ്ഥാനത്ത് വിജയ്‌യാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ വലിയ പുകിലായേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Rajnikanth speech at Coolie audio launch discussing in social media