| Tuesday, 29th September 2026, 5:53 pm

എനിക്കിനി ഒരു ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണമെന്നുണ്ട്; ഡൊറോത്തിയെ തമിഴ് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നതിനിടെ വൈറലായി രജിനിയുടെ പഴയ ഇന്റര്‍വ്യൂ

അമര്‍നാഥ് എം.

തമിഴ്‌നാട്ടില്‍ വലിയ വിമര്‍ശനം നേരിടുകയും കേരളത്തിലെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത ചിത്രമാണ് ഡൊറോത്തി. തമിഴിലെ പ്രോമിസിങ് സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ചിത്രം ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. LGBTQനെക്കുറിച്ച് സംസാരിച്ച ചിത്രം തമിഴ്‌നാട്ടില്‍ പലരെയും അസ്വസ്ഥരാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നേരിടുന്ന വിദ്വേഷവും അപമാനവും പച്ചക്ക് സ്‌ക്രീനില്‍ കാണിച്ച ഡൊറോത്തി ഹോമോഫോബിക്കായവരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. സംവിധായകനെതിരെ വലിയ സൈബര്‍ അറ്റാക്കാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. 1990 കാലഘട്ടത്തില്‍ മധുരൈയില്‍ നടക്കുന്ന കഥയാണ് ഡൊറോത്തിയുടേത്. കാര്‍ത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

ഡൊറോത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 2019ല്‍ ദര്‍ബാര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹിന്ദി മാധ്യമത്തോട് സംസാരിക്കവെയാണ് താരം തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. കരിയറില്‍ ഇനി ഏതെങ്കിലും റോള്‍ ചെയ്യാന്‍ ബാക്കിയുണ്ടോ എന്നും ഏതെങ്കിലും കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോടും രജിനി മറുപടി നല്‍കി.

‘എനിക്കിനി ഒരു ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണമെന്നുണ്ട്. ഇതുവരെ അത്തരമൊരു റോള്‍ എന്നെത്തേടി വന്നിട്ടില്ല, ഞാന്‍ എന്റെ ആഗ്രഹം പങ്കുവെച്ചെന്ന് മാത്രമേയുള്ളൂ,’ രജിനികാന്ത് പറയുന്നു. ഡൊറോത്തിയുടെ റിലീസിന് പിന്നാലെ ഏഴ് വര്‍ഷം മുമ്പുള്ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ രജിനികാന്ത് ട്രാന്‍സ്‌ജെന്‍ഡറാകണമെന്ന ആഗ്രഹം പങ്കുവെച്ചത് ഇപ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളും സമൂഹത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും എന്നാല്‍ തമിഴിലെ ഒരുവിഭാഗം പ്രേക്ഷകര്‍ ഇപ്പോഴും 15 വര്‍ഷം പിന്നിലാണെന്നും പലരും അഭിപ്രായപ്പെടുന്നു.

ഡൊറോത്തിക്കൊപ്പം കാഞ്ചന എന്ന ചിത്രത്തില്‍ ശരത്കുമാര്‍ ചെയ്ത വേഷവും ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചനയില്‍ ട്രാന്‍സ്‌ജെന്‍ഡറായാണ് ശരത്കുമാര്‍ വേഷമിട്ടത്. ചിത്രം ഹിറ്റായതിനോടൊപ്പം ശരത്കുമാറിന്റെ കഥാപാത്രവും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഡൊറോത്തിയും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്.

Content Highlight: Rajnikanth saying he wish to do the role of transgender viral after Dorothy release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more