| Monday, 8th December 2025, 8:58 pm

നീലാംബരിയുടെ വേഷത്തിലേക്ക് ഐശ്വര്യ റായ് ആയിരുന്നു മനസില്‍ അത് മാറാന്‍ കാരണം... രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പടയപ്പ. 1999ല്‍ പുറത്തിറങ്ങിയ ചിത്രം അതുവരെയുണ്ടായിരുന്ന സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞു. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്. 25 വര്‍ഷത്തിനിപ്പുറം ചിത്രം റീ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്.

രജിനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പടയപ്പ വീണ്ടും ബിഗ് സ്‌ക്രീനിലെത്തും. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പടയപ്പയുടെ കഥാകൃത്തും നിര്‍മാതാവും നായകനുമായ രജിനികാന്ത്. തന്റെ സിനിമാകരിയറിലെ 25ാം വര്‍ഷത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പടയപ്പയെന്ന് രജിനികാന്ത് പറഞ്ഞു. പൊന്നിയിന്‍ സെല്‍വനിലെ നന്ദിനി എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കഥ തയാറായക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഥയിലെ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചര്‍ച്ച വന്നപ്പോള്‍ എന്റെ മനസില്‍ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാന്‍ ഐശ്വര്യയെ മനസില്‍ കണ്ടാണ് തയാറാക്കിയത്. ആ സമയത്ത് അവര്‍ വളരെ ബിസിയായിരുന്നു. ഞങ്ങള്‍ അവരെ കഥയുമായി സമീപിച്ചു.

എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോള്‍ തിരക്കാണെന്നും കുറച്ച് കഴിഞ്ഞ് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കില്‍ ഒരു വര്‍ഷമൊക്കെ കാത്തിരിക്കാന്‍ ഞങ്ങള്‍ തയാറായേനെ. അവര്‍ക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്.

ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു.പക്ഷേ, അവര്‍ക്കാര്‍ക്കും ഐശ്വര്യ റായ്‌യെപ്പോലെ പവര്‍ഫുള്ളായി പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്ന് തോന്നി. അപ്പോള്‍ രവിയാണ് (രവികുമാര്‍) ‘രമ്യാ കൃഷ്ണന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്’ രജിനികാന്ത് പറയുന്നു.

തനിക്ക് ആദ്യം രമ്യാ കൃഷ്ണന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ കഥാപാത്രത്തെപ്പോലെ ഡാന്‍സും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകന്‍ അറിയിച്ചെന്നും രജിനി കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് നീലാംബരി രമ്യാ കൃഷ്ണനിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു.

‘അന്നത്തെ കാലത്ത് സ്ത്രീകളൊക്കെ തിയേറ്ററിന്റെ ഗേറ്റ് തകര്‍ത്തിട്ട് വന്ന് കണ്ട പടമായിരുന്നു പടയപ്പ. അത്രമാത്രം ക്രേസായിരുന്നു. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ 2.0, ജയിലര്‍ 2 എന്നിങ്ങനെ സീക്വലുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോള്‍ പടയപ്പയുടെ സെക്കന്‍ഡ് പാര്‍ട്ട് വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചു. നീലാംബരി എന്ന പേരില്‍ ആ സിനിമക്ക് ഒരു സീക്വലിന്റെ ചര്‍ച്ചയിലാണിപ്പോള്‍,’ രജിനികാന്ത് പറഞ്ഞു.

Content Highlight: Rajnikanth saying Aishwarya Rai was the first choice in Padayappa movie

We use cookies to give you the best possible experience. Learn more