അഞ്ച് പതിറ്റാണ്ടായി സിനിമാലോകത്ത് തിളങ്ങിനില്‍ക്കുന്ന നടനാണ് രജിനികാന്ത്. വില്ലനായി സിനിമയിലേക്കെത്തിയ രജിനി പിന്നീട് തമിഴ് സിനിമയുടെ മുഖമായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കാലമിത്ര കഴിഞ്ഞിട്ടും രജിനിയുടെ സ്റ്റാര്‍ഡത്തിന് പകരം വെക്കാന്‍ കഴിവുള്ള മറ്റൊരു നടനെ കണ്ടെത്താന്‍ സിനിമാലോകത്തിന് സാധിച്ചിട്ടില്ല.
ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും പലപ്പോഴും രജിനികാന്ത് ചര്‍ച്ചയാകാറുണ്ട്. തന്റെ കുറവുകള്‍ പൊതുവേദിയില്‍ പറഞ്ഞ് കൈയടി നേടാന്‍ രജിനിക്കുള്ള കഴിവ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ പുതിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ വേല്‍പ്പാരിയുടെ വിജയാഘോഷ വേളയിലായിരുന്നു താരത്തിന്റെ പ്രസംഗം. ഒരു ലക്ഷം കോപ്പികളാണ് ഇതുവരെ വേല്‍പ്പാരിയുടേതായി വിറ്റുപോയത്.
നോവലുകള്‍ വായിക്കുന്ന കാര്യത്തില്‍ താന്‍ വളരെ പിന്നോട്ടാണെന്ന് രജിനി പറഞ്ഞു. അത്തരത്തിലുള്ള താന്‍ പുസ്തകത്തെക്കുറിച്ച് എന്ത് പറയാനാണെന്ന് താരം ചോദിച്ചു. ഈ നോവലിനെക്കുറിച്ച് സംസാരിക്കാന്‍ തന്നെക്കാള്‍ യോഗ്യരായിട്ടുള്ളത് ശിവകുമാറും കമല്‍ ഹാസനുമാണെന്നും അവരായിരുന്നെങ്കില്‍ നന്നായി സംസാരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവര്‍ക്കും അറിയാം, പുസ്തകം വായിക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിന്നോട്ടാണ്. വലിയ പുസ്തകങ്ങളാണെങ്കില്‍ വായിക്കാനുള്ള താത്പര്യമുണ്ടാകില്ലെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ പരിപാടിക്ക് വരാന്‍ വേണ്ടി ആനന്ദ വികടന്‍ എന്നെ ക്ഷണിച്ചു. ഈ പരിപാടി ഒഴിവാക്കിയാല്‍ അടുത്ത മാസികയില്‍ എന്നെ വലിച്ചുകീറുമെന്ന് ഉറപ്പാണ്.
പക്ഷേ, എന്നെക്കാള്‍ നന്നായി ഈ പരിപാടിയില്‍ സംസാരിക്കാന്‍ യോഗ്യരായവര്‍ വേറെയുമുണ്ട്. അതിലൊരാള്‍ ശിവകുമാറാണ്. എന്ത് മനോഹരമായാണ് അയാള്‍ ഓരോ വിഷയത്തെക്കുറിച്ചും സംസാരിക്കുന്നത്. മഹാഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗം എന്ത് മനോഹരമാണ്. അഞ്ച് മണിക്കൂറായാലും സംസാരിച്ചുകൊണ്ടേയിരിക്കും.
അല്ലെങ്കില്‍ കമല്‍ ഹാസനുണ്ട്. എല്ലാവര്‍ക്കും അറിയാം, എത്ര വലിയ ജീനിയസാണ് അയാളെന്ന്. അതെല്ലാം വിട്ട് 70 വയസുള്ള ഒരു കിഴവന്‍, കൂളിങ് ഗ്ലാസ് വെച്ച് സ്ലോ മോഷനില്‍ മാത്രം നടക്കാനറിയാവുന്ന ഞാന്‍ എന്തിനാണെന്ന് ചിന്തിച്ചുപോയി,’ രജിനികാന്ത് പറഞ്ഞു.
Content Highlight: Rajnikanth’s speech at Velpari novel success celebration viral in social media