| Monday, 14th July 2025, 1:32 pm

കമ്മ്യൂണിസ്റ്റ് നേതാക്കളെ ജനങ്ങള്‍ ബഹുമാനിക്കുന്നത് കാണുമ്പോള്‍ സന്തോഷം: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളെ പ്രശംസിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. കഴിഞ്ഞദിവസം മധുരയില്‍ നടന്ന വേല്‍പ്പാരി നോവലിന്റെ വിജയാഘോഷവേളയിലാണ് രജിനികാന്ത് ഇക്കാര്യം പറഞ്ഞത്. സു. വെങ്കടേശന്‍ എഴുതിയ നോവല്‍ ഒരു ലക്ഷം കോപ്പികള്‍ വിറ്റതിന്റെ വിജയാഘോഷമാണ് നടന്നത്. ആനന്ദ വികടനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമാണ് തനിക്കെന്നും അവര്‍ക്ക് അവരുടേതായ തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ടെന്നും രജിനികാന്ത് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങള്‍ ബഹുമാനിക്കുന്നത് കാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നുവെന്നും അവരോട് തനിക്ക് സ്‌നേഹവും ആദരവുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയെപ്പോലെ വലിയ അറിവുള്ള എഴുത്തുകാരനാണ് സു. വെങ്കടേശനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹവുമായി സംസാരിച്ച് ഇരിക്കുന്നത് മികച്ച അനുഭവമാണെന്നും എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടെന്നും രജിനികാന്ത് പറയുന്നു. വെങ്കടേശന്റെ അടുത്ത നോവലിനായി താന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

‘കല്‍ക്കിയെ നമുക്ക് കാണാന്‍ സാധിച്ചില്ല. ഇന്നത്തെ കാലത്തെ കല്‍ക്കിയെ കാണാമല്ലോ എന്ന് ചിന്തിച്ചാണ് ഞാന്‍ വെങ്കടേശന്‍ സാറിനെ കാണാമെന്ന് വിചാരിച്ചത്. നമ്മളെ കാണുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ചിരിയും അതിനോട് ചേര്‍ന്ന് കണ്ണില്‍ തിളക്കവും കാണാന്‍ സാധിക്കും. ഈ നിമിഷത്തില്‍ ജീവിക്കുന്നയാളാണ് അദ്ദേഹം.

അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ നല്ലൊരു രാഷ്ട്രീയക്കാര്‍ കൂടിയാണെന്ന് മനസിലായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടേതായ തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. അതിനനുസരിച്ച് ചിട്ടയായ ജീവിതമാണ് അദ്ദേഹം പിന്തുടരുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളോട് അന്‍പും ആദരവും മാത്രമാണ് എനിക്കുള്ളത്.

ജനങ്ങള്‍ അവരെ ബഹുമാനിക്കുന്നത് കാണുമ്പോള്‍ സന്തോഷം. വെങ്കടേശനെപ്പോലെ എടുത്ത് പറയേണ്ട മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവുണ്ട്. ടി.കെ. രംഗരാജന്‍. നമ്മളെല്ലാം ടി.കെ.ആര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളരെ വലിയ നേതാവാണ് ടി.കെ.ആര്‍. ഒരു തവണ അദ്ദേഹത്തോടൊപ്പം ദല്‍ഹിയില്‍ പോയിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന പാര്‍ലമെന്റേറിയന്മാര് അദ്ദേഹത്തെ ബഹുമാനിക്കുന്നത് കണ്ടപ്പോള്‍ ടി.കെ.ആറിന്റെ വലിപ്പം മനസിലായി.

ടി.കെ.ആര്‍ അടക്കം എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളോടും ഇഷ്ടം തോന്നിയത് സു. വെങ്കടേശനെ മധുരയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയപ്പോഴാണ്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു. സാഹിത്യകാരനെന്ന നിലയില്‍ വേല്‍പാരിക്ക് ലഭിച്ച അംഗീകാരം പോലെയാണ് രാഷ്ട്രീയക്കാരനെന്ന നിലയില്‍ മധുരയില്‍ വെങ്കടേശന് ലഭിച്ചത്,’ രജിനികാന്ത് പറഞ്ഞു.

Content Highlight: Rajnikanth praises Communist Party leaders in Velpari success celebration

We use cookies to give you the best possible experience. Learn more