| Tuesday, 16th September 2025, 9:00 pm

സ്വന്തം മകളും സഹോദരനും മരിച്ചപ്പോള്‍ പോലും കരയാതിരുന്ന ഇളയരാജ ആ ഗായകന്‍ വിടവാങ്ങിയപ്പോള്‍ കരയുന്നത് ഞാന്‍ കണ്ടു: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാസംഗീത ലോകത്തെ രാജാവെന്ന വിശേഷണം ചേരുന്ന സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്‌നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് വന്ന് ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച ഇളയരാജ സ്വന്തമാക്കാത്ത പുര്‌സകാരങ്ങളൊന്നുമില്ല. സിനിമാലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്നിരുന്നു.

ചടങ്ങില്‍ ഇളയരാജയുടെ അടുത്ത സുഹൃത്തും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇളയരാജ തന്റെ കരിയറില്‍ പലപ്പോഴും അപമാനം നേരിടേണ്ടി വന്നിരുന്നുവെന്നും അതിനെല്ലാം അദ്ദേഹം നല്ല രീതിയില്‍ മറുപടി നല്‍കിയിരുന്നെന്നും രജിനികാന്ത് പറഞ്ഞു.

‘കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തെ പലരും അപമാനിച്ച് വിട്ടിട്ടുണ്ട്. ഒരു സിനിമയുടെ റെക്കോഡിങ് നടക്കുന്നതിനിടയില്‍ ആ സ്റ്റുഡിയോയുടെ ആളുകള്‍ വന്ന് അദ്ദേഹത്തോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അതില്‍ അദ്ദേഹത്തിന് നല്ല വിഷമമായി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പഴയതിനെക്കാള്‍ ശക്തിയോടെ തന്നെ ഇറക്കിവിട്ട സ്റ്റുഡിയോയുടെ ഓപ്പോസിറ്റ് ‘ഇളയരാജ സ്റ്റുഡിയോ’ എന്ന പേരില്‍ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോ അദ്ദേഹം തുറന്നു.

ഒരു സിനിമയില്‍ വര്‍ക്ക് ചെയ്ത ശേഷം പൈസ കൊടുക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു. ആ പടത്തിലെ പാട്ടുകള്‍ വേറെ പടത്തിലെല്ലാം ഉപയോഗിച്ച് ആ നിര്‍മാതാക്കള്‍ ഒരുപാട് പൈസയുണ്ടാക്കി. തന്റെ പേര് വെച്ച് അവര്‍ പൈസയുണ്ടാക്കുന്നത് നിര്‍ത്താന്‍ വേണ്ടിയാണ് കോടതിയില്‍ കോപ്പിറൈറ്റിന് കേസ് കൊടുത്തത്.

കേസ് ജയിച്ചതിന് ശേഷം തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ആരും പാടരുതെന്ന് പ്രസ്സിനെ അറിയിക്കാന്‍ തന്റെ മാനേജരോട് സ്വാമി ആവശ്യപ്പെട്ടു. രാത്രി ഒമ്പത് മണിക്ക് അറിയിക്കാനാണ് സ്വാമി പറഞ്ഞത്. അതേ ദിവസം അമേരിക്കയില്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ കണ്‍സേര്‍ട്ട് നടക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തോടും വിളിച്ച് പറയാന്‍ സ്വാമി ആവശ്യപ്പെട്ടു. ‘അത് അയാള്‍ കേള്‍ക്കും. അത്രക്ക് സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍’ എന്നായിരുന്നു സ്വാമി പറഞ്ഞത്.

കണ്‍സേര്‍ട്ട് തുടങ്ങാന്‍ കുറച്ച് സമയം മാത്രം ബാക്കിയുള്ളപ്പോള്‍ എസ്.പി.ബി ഇക്കാര്യം ആളുകളെ അറിയിച്ചു. വേറെ മ്യൂസിക് ഡയറക്ടേഴ്‌സിന്റെ പാട്ടുകള്‍ പാടി അദ്ദേഹം പരിപാടി പൂര്‍ത്തിയാക്കി. കൊവിഡിന്റെ സമയത്ത് തമിഴ് സിനിമയെ ഏറെ വേദനിപ്പിച്ച മരണങ്ങളിലൊന്നായിരുന്നു എസ്.പി.ബിയുടേത്. അന്ന് ഇളയരാജ് സാര്‍ അദ്ദേഹത്തിന് വേണ്ടി കണ്ണീരൊഴുക്കിയത് ഞാന്‍ കണ്ടതാണ്. സ്വന്തം ഭാര്യയും മകളും മരിച്ചപ്പോള്‍ കരയാത്ത ഇളയരാജ അന്ന് എസ്.പി.ബിക്ക് വേണ്ടി കരഞ്ഞു,’ രജിനികാന്ത് പറയുന്നു.

Content Highlight: Rajnikanth explains the bond between Ilayaraja and S P Balasubramaniam

We use cookies to give you the best possible experience. Learn more