ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരസംഗമമാണ് കഴിഞ്ഞദിവസം ചെന്നൈയില്‍ അരങ്ങേറിയത്. ലോകേഷ് കനകരാജ്- രജിനികാന്ത് കോമ്പോയിലെത്തുന്ന കൂലിയുടെ ഓഡിയോ ലോഞ്ച് അക്ഷരാര്‍ത്ഥത്തില്‍ സിനിമാലോകത്തെ ഇളക്കിമറിച്ചു. രജിനികാന്ത്, സൗബിന്‍ ഷാഹിര്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയുടെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ കൂടെ ചേര്‍ന്നതോടെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ആവേശക്കടലായി.
ഓരോ സിനിമയുടെ ഓഡിയോ ലോഞ്ചിലും തന്റെ സ്വതസിദ്ധമായ ശൈലിയിലെ പ്രസംഗം കൊണ്ട് വേദിയെ കൈയിലെടുക്കുന്ന രജിനികാന്ത് ഇത്തവണയും അത് ആവര്‍ത്തിച്ചു. സിനിമയുടെ ഓരോ ക്രൂ അംഗങ്ങളെയും കുറിച്ച് രജിനികാന്ത് വളരെ നല്ല രീതിയില്‍ സംസാരിച്ചു. ലോകേഷ് കനകരാജിനെക്കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.
ചിത്രത്തിലെ പ്രധാന വില്ലനായി ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് താന്‍ ചോദിച്ചെന്നും അപ്പോള്‍ നാഗാര്‍ജുനയുടെ പേരാണ് ലോകേഷ് പറഞ്ഞതെന്ന് രജിനികാന്ത് പറയുന്നു. അത് കേട്ട് താന്‍ അന്തം വിട്ടെന്നും തെലുങ്കിലെ ടോപ്പ് ആയിട്ടുള്ള ഒരു നടന്‍ ഇത്തരമൊരു വേഷം ചെയ്യുമോ എന്ന് താന്‍ സംശയിച്ചെന്നും രജിനികാന്ത് കൂട്ടിച്ചേര്‍ത്തു.
‘നാഗാര്‍ജുന ഈ സിനിമയിലെ വില്ലന്‍ വേഷം ചെയ്യാമെന്ന് സമ്മതിച്ചപ്പോള്‍ എന്റെ മനസില്‍ വന്നത് വെങ്കട് പ്രഭു അജിത്തിന് വേണ്ടി എഴുതിയ ഒരു ഡയലോഗാണ്. മങ്കാത്ത സിനിമ എല്ലാവരും കണ്ടിട്ടുണ്ടാകും. അതില്‍ അജിത്തിന്റെ ക്യാരക്ടര്‍ പറയുന്നുണ്ട് ‘ഞാനും എത്ര നാളാണെന്ന് വെച്ചാണ് നല്ലവനായി അഭിനയിക്കുന്നത്’ എന്ന്. ഈ സിനിമയിലെ ക്യാരക്ടര്‍ അതിനും മേലെയാണ്.
അങ്ങനെ ഷൂട്ട് തുടങ്ങി ഒരുമാസം കഴിഞ്ഞു. ‘ഈ സിനിമയില്‍ ഒരു കാമിയോ റോള്‍ ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹം ഈ സിനിമയിലേക്ക് വരുമോ എന്നറിയില്ല, സാര്‍ വിളിച്ചാല്‍ മാത്രം അദ്ദേഹം വരും’ എന്ന് ലോകേഷ് പറഞ്ഞു. എനിക്ക് പെട്ടെന്ന് സംശയമായി. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് ആലോചിച്ചു. ഇനി ഉലകനായകനെയാണോ? അയാളുടെ ഫാന്‍ബോയ്‌യാണ് ഇവന്‍. വിക്രം എന്ന സിനിമ ഇവന്‍ ചെയ്തതാണ്. കമലിനെയാണോ ഉദ്ദേശിച്ചതെന്ന് ചിന്തിച്ചു,’ രജിനികാന്ത് പറഞ്ഞു.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. കഥയെക്കുറിച്ച് വലിയ ധാരണകള്‍ ട്രെയ്‌ലര്‍ നല്‍കുന്നില്ല. ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ ട്രെയ്‌ലര്‍ കട്ടാണ് കൂലിയുടേത്. എല്ലാ കഥാപാത്രങ്ങളെയും കാണിച്ച ട്രെയ്‌ലറില്‍ രജിനികാന്ത് തന്നെയാണ് അട്രാക്ഷന്‍ പോയിന്റ്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rajnikanth about Cameo role in Coolie movie