തെലുങ്ക്, കന്നഡ, ഹിന്ദി ഇന്‍ഡസ്ട്രികള്‍ക്ക് പിന്നാലെ ബോക്‌സ് ഓഫീസില്‍ ആയിരം കോടി നേടാനുള്ള കോളിവുഡിന്റെ സ്വപ്‌നം നീണ്ടുപോവുകയാണ്. സ്‌കൈ ലെവല്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ജയിലര്‍ 2ന് 850 കോടി വരെ മാത്രമേ നേടാനായുള്ളൂ. ഈയാഴ്ച ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നതോടെ ആയിരം കോടി എന്ന കളക്ഷന്‍ സ്വപ്‌നമായി മാത്രം അവശേഷിക്കും.
ആയിരം കോടി നേടാനായില്ലെങ്കിലും തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയമായി ജയിലര്‍ 2 മാറിക്കഴിഞ്ഞു. എല്ലാ ടെറിട്ടറിയില്‍ നിന്നും 75 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടത്തിലെത്തുന്ന ആദ്യ തമിഴ് സിനിമയാണ് ജയിലര്‍ 2. 75ാം വയസിലും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തനിക്ക് നിസാരമാണെന്ന് രജിനി ഒരിക്കല്‍കൂടി തെളിയിച്ചു.
ഇത്രയും വലിയ ഹിറ്റായിട്ടും തമിഴ്‌നാട്ടിലെ രണ്ട് റെക്കോഡുകള്‍ മാത്രം രജിനിക്ക് തൊടാനായിട്ടില്ലെന്നാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. തമിഴ്‌നാട്ടിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനും ഫൈനല്‍ കളക്ഷനുമാണ് രജിനിക്ക് മുന്നില്‍ ബാലികേറാമലയായി നില്‍ക്കുന്നത്. ഈ രണ്ട് റെക്കോഡുകളും ഇപ്പോഴും വിജയ്‌യുടെ പേരിലാണെന്നതും ശ്രദ്ധേയമാണ്.
നാല് വര്‍ഷം മുമ്പ് ബീസ്റ്റ് തമിഴ്‌നാട്ടില്‍ ഇട്ട ഫസ്റ്റ് ഡേ കളക്ഷന്‍ ആര്‍ക്കും തകര്‍ക്കാനാകാതെ നില്‍ക്കുകയാണ്. 33 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യദിനം സ്വന്തമാക്കിയത്. അജിത്തും രജിനിയും പലതവണ ശ്രമിച്ചിട്ടും ഈ റെക്കോഡ് ഇതുവരെ കൈപ്പിടിയിലാക്കാനായിട്ടില്ല. വിജയ് എന്ന സ്റ്റാറിന്റെ റേഞ്ച് ഇതിലൂടെ വ്യക്തമാണ്.
തമിഴ്‌നാട്ടിലെ ഫൈനല്‍ കളക്ഷനിലും വിജയ് തന്നെയാണ് ടോപ്പില്‍. 2023ല്‍ പുറത്തിറങ്ങിയ ലിയോ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 230 കോടിയിലേറെ നേടിയിരുന്നു. ജയിലര്‍ 2നാകട്ടെ 217 കോടി മാത്രമേ ഇതുവരെ നേടാനായുള്ളൂ. വിജയ്‌യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് പോലും 220 കോടിക്ക് മുകളില്‍ തമിഴ്‌നാട്ടില്‍ കളക്ഷനുണ്ട്.
കൂലിയില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന പോലുള്ള വമ്പന്‍ താരങ്ങളെയും ജയിലര്‍ 2ല്‍ മോഹന്‍ലാല്‍, ഹൃതിക് റോഷന്‍, ശിവരാജ് കുമാര്‍ തുടങ്ങി വമ്പന്മാരെ അണിനിരത്തിയിട്ടും ഈ രണ്ട് റെക്കോഡുകള്‍ രജിനിക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. രജിനിയെയും കമല്‍ ഹാസനെയും നായകന്മാരാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കുന്ന പ്രൊജക്ട് ഈ രണ്ട് റെക്കോഡുകളും തകര്‍ക്കുമെന്നാണ് സിനിമാപേജുകളുടെ കണക്കുകൂട്ടല്‍.
Content Highlight: Rajni can’t beat Tamilnadu first day and Final collection record created by Vijay