ന്യൂദൽഹി: അതിർത്തിയിലെ സർ ക്രീക്ക് മേഖലയിലെ പാകിസ്ഥാൻ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
ചർച്ചയിലൂടെ അത് പരിഹരിക്കാൻ ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ പാകിസ്ഥാൻ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ചർച്ചയിലൂടെ അത് പരിഹരിക്കാൻ ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാന്റെ ഉദ്ദേശങ്ങൾ വ്യക്തമല്ല. സർ ക്രീക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പാക് സൈന്യം അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയത് അവരുടെ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു,’ രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യൻ സൈന്യവും ബി.എസ്.എഫും ജാഗ്രതയോടെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നുണ്ടെന്നും സർ ക്രീക്ക് പ്രദേശത്ത് പാകിസ്ഥാന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവം ഉണ്ടായാൽ പാകിസ്ഥാന്റെ ചരിത്രവും ഭൂമിശാസ്ത്രവും മാറിമറയുന്ന തരത്തിൽ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1956ലെ യുദ്ധത്തിൽ ലാഹോറിൽ എത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവ് പാകിസ്ഥാൻ കണ്ടതാണെന്നും ഇന്ന് കറാച്ചിയിലെത്താനുള്ള വഴി ക്രീക്കിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ നിർവീര്യമാക്കിയ ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച രാജ്‌നാഥ് സിങ്, ഇന്ത്യയെ തകർക്കാനുള്ള പാകിസ്ഥാന്റെ ‘പരാജയപ്പെട്ട’ ശ്രമത്തെ പരിഹസിക്കുകയും ചെയ്തു.
ലോകത്തിലെ ഏത് ശക്തിയും നമ്മുടെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ, ഇന്ത്യ നിശബ്ദമായി ഇരിക്കില്ല. ഭീകരതയോ മറ്റെന്ത് തരത്തിലുള്ള പ്രശ്‌നമോ ആകട്ടെ, അതിനെ നേരിടാനും പരാജയപ്പെടുത്താനുമുള്ള കഴിവ് നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിൽ എവിടെ വേണമെങ്കിലും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഇന്ത്യയുടെ സായുധ സേനക്ക് കഴിയും. ഇന്ത്യക്ക് ഇത്രയൊക്കെ സാധിക്കുമായിരുന്നിട്ടും യുദ്ധം വേണ്ടെന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദീർഘകാല അതിർത്തി പ്രശ്‌നമാണ് സർ ക്രീക്ക് തർക്കം. ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കും ഇടയിലുള്ള 96 കിലോമീറ്റർ നീളമുള്ള ഒരു പ്രദേശമാണ് സർ ക്രീക്ക്.
Content Highlight: Rajnath Singh warns Pakisthan create trouble in Sir Creek, we will change their history