| Thursday, 8th May 2025, 4:10 pm

ഓപ്പറേഷന്‍ സിന്ദൂറില്‍ 100ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ രാജ്‌നാഥ് സിങ്; ദൗത്യത്തിന് പിന്തുണയറിയിച്ച് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേന്‍ ഇതുവരേയും അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യ മന്ത്രി ജെ.പി. നദ്ദ എന്നിവരാണ് പങ്കെടുത്തത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകരം പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിക്കുകയാണുണ്ടായത്.

നിലവിലെ പ്രശ്‌നങ്ങളില്‍ വിശാലമായ രാഷ്ട്രീയ സമവായം രൂപപ്പെടുത്തുന്നതിനായാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും യോഗത്തില്‍ നേതാക്കള്‍ വളരെ പക്വതയോടെയാണ് കാര്യങ്ങള്‍ നോക്കിക്കണ്ടതെന്നും യോഗത്തിന് പിന്നാലെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു മാധ്യമപ്രവര്‍ത്തകരോട് പറ്ഞു.

സമൂഹമാധ്യമത്തില്‍ നിരീക്ഷണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടന്നത്.

അതേസമയം പാക് അധിനിവേശ കശ്മീരിലെയും പാക് പഞ്ചാബിലെയും ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഓപ്പറേഷനെ പ്രശംസിച്ച മോദി ഭീകരതയോട് തന്റെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്ഥാനും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന 10 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാര്‍, ഡി.ജി.പി, ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് അമിത് ഷാ സംസാരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 1.05ന് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ ദൗത്യത്തിന് ഇന്ത്യ പേരിട്ടത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാന്റര്‍ റൗഫ് അസറും കൊല്ലപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ രണ്ടാമത്തെ കമാന്റര്‍ മസൂദ് അസറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട റൗഫ് അസര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസര്‍.

ജെയ്ഷെ മുഹമ്മദിന്റെ തലവന്മാരിലൊരാളായ റൗഫ് അസറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പരിക്കേറ്റ ഭീകരനെ പാകിസ്ഥാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.

Content Highlight: Rajnath Singh says around 100 terrorists killed in Operation Sindoor at all-party meeting; Opposition also supports the mission

We use cookies to give you the best possible experience. Learn more