| Sunday, 15th November 2026, 8:17 pm

അന്ന് വിജയ് സാര്‍ ക്ഷുഭിതനായത് മീഡിയാസിനോടായിരുന്നില്ല; വിവാദ വീഡിയോയില്‍ വ്യക്തത വരുത്തി രാജ്കുമാര്‍ പെരിയസ്വാമി

അശ്വിന്‍ രാജേന്ദ്രന്‍

രജിനികാന്തിന് ശേഷം തമിഴില്‍ ഏറ്റവും വലിയ സ്റ്റാര്‍ വാല്യൂവിന് ഉടമായാരാണെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ദളപതി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന വിജയ്. തമിഴിലെ ബോക്‌സ് ഓഫീസ് പവറിന്റെ അവസാന വാക്കായി മാറിയ താരം തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കവെയായിരുന്നു സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയതും തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതും.

വിജയിയുടെ കരിയറില്‍ വിവാദമായ സംഭവമായിരുന്നു 2009ല്‍ പുറത്തിറങ്ങിയ വില്ല് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ് മീറ്റില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായിരുന്നു. പ്രെസ് മീറ്റ് നടക്കുന്ന ഹാളിന്റെ ഒരു വശത്തേക്ക് നോക്കി ഒച്ചയെടുത്ത വിജയ് സൈലന്‍സ് എന്ന് വിളിച്ച് പറയുന്നതും ഇവിടെ സംസാരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

വിജയ്. Photo: X.com

വില്ലിന്റെ സംവിധായകനായ പ്രഭുദേവ വിജയിക്ക് സമീപത്ത് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ പല രീതിയിലുള്ള കഥകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. വില്ലിന്റെ പരാജയത്തില്‍ ക്ഷുഭിതനായ വിജയ് മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിക്കുന്നു എന്ന രീതിയിലായിരുന്നു സംഭവത്തെ ഭൂരിഭാഗം പേരും ചിത്രീകരിച്ചിരുന്നത്.

ഇപ്പോഴിതാ പ്രെസ് മീറ്റിനിടെ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ട് വിജയ് ഒച്ചയെടുത്തതെന്നും പറയുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അന്ന് എന്താണ് സംഭവിച്ചതെന്ന് വീഡിയോ കണ്ടാല്‍ മനസിലാവില്ല. ആ പ്രെസ് മീറ്റ് നടന്നിരുന്ന ഹാളില്‍ അതിന് മുമ്പ് ഒരു ഇവന്റ് നടന്നിരുന്നു. അതിന്റെ ഭാഗമായി അവിടെ ഉണ്ടായിരുന്ന കസേരകള്‍ അവിടുത്തെ ജോലിക്കാര്‍ അടുക്കി വെക്കുമ്പോള്‍ ഒരു ശബ്ദമുണ്ടാകുന്നുണ്ട്. അത് ക്യാമറയ്ക്ക് പിന്നിലാണ് നടക്കുന്നത്. ആ ഹാള്‍ അദ്ദേഹത്തിന്റെതായിരുന്നു എന്നാണ് തോന്നുന്നത്. അവിടെയുണ്ടായിരുന്ന സ്റ്റാഫ് പ്രെസ് മീറ്റ് നടക്കുന്നത് അറിയാതെയാണ് ഇത് ചെയ്തത്.

രാജ്കുമാര്‍ പെരിയസ്വാമി. Photo: M9.news

ആ ശബ്ദം ഈ മൈക്കില്‍ പിക്കാവില്ല. പക്ഷേ ഹാളിലുള്ളവര്‍ക്ക് അത് കേള്‍ക്കാം. എപ്പോഴും ശാന്തസ്വരൂപിയായ ആള്‍ പെട്ടെന്ന് മാറിയപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയതാണ്,’ രാജ്കുമാര്‍ പറഞ്ഞു.

Content Highlight: Rajkumar Periyaswamy clarifies on the Viral video of Vijay which happened in 2009

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more