| Tuesday, 10th November 2026, 5:09 pm

കേരളത്തിലെ ആ ഐ.പി.എസ് ഓഫീസറുടെ ലുക്കാണ് സായ് പല്ലവിക്ക് നല്‍കിയത്, കഥാപാത്രത്തിന് വേണ്ടി അവര്‍ വലിയ ഡെഡിക്കേഷന്‍ നടത്തി: രാജ്കുമാര്‍ പെരിയസാമി

അമര്‍നാഥ് എം.

ജയിലര്‍ 2, സീന്‍ എന്നീ സിനിമകള്‍ക്ക് ശേഷം കേരളത്തില്‍ ഓളമുണ്ടാക്കാന്‍ സാധ്യതയുള്ള തമിഴ് ചിത്രമാണ് ഓം. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. ധനുഷിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും ഓമില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാള്‍. നിത്യ റെഡ്ഡി എന്ന പൊലീസ് ഓഫീസറായാണ് സായ് ഓമില്‍ വേഷമിടുന്നത്. താരത്തിന്റെ ക്യാരക്ടര്‍ ടീസറില്‍ തന്നെ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമായിരുന്നു. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമിയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഓം ചാപ്റ്റര്‍ വണ്‍.

സായ് പല്ലവിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി. ഏറ്റവും ഗംഭീരമായിട്ടുള്ള പെര്‍ഫോമേഴ്‌സിനെയാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സായ് പല്ലവിയോട് കഥ പറഞ്ഞതും അവര്‍ ഓക്കെ പറഞ്ഞെന്നും താന്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നെന്നും രാജ്കുമാര്‍ പെരിയസാമി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഈ പടത്തിന്റെ മുഴുവന്‍ കഥയും വിവരിച്ചവരില്‍ ഒരാളാണ് സായ് പല്ലവി. വളരെ പവര്‍ഫുള്ളായിട്ടുള്ള ക്യാരക്ടറാണ് ഓമിലെ നിത്യ റെഡ്ഡി. കഥ കേട്ടതും അവര്‍ ഇന്‍ട്രസ്റ്റഡായി. പൊലീസ് ഓഫീസറുടെ കഥാപാത്രമാണ് സായ്‌യുടേത്. കേരളത്തിലെ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ ലുക്കാണ് സായ്ക്ക് നല്‍കിയത്.

ആ ലുക്ക് ഉണ്ടെന്നേയുള്ളൂ. അവരുമായി വേറെ ബന്ധമൊന്നുമില്ല. ഒരു റഫറന്‍സിന് വേണ്ടി അത് എടുത്തെന്ന് മാത്രമേയുള്ളൂ. മെറിന്‍ ജോസഫിന്റെ കഥ തന്നെ സംഭവബഹുലമാണ്. ഈ ക്യാരക്ടറിന് വേണ്ടി സായ് ഒരുപാട് ഹാര്‍ഡ്‌വര്‍ക്ക് ചെയ്തിട്ടുണ്ട്. കുറെ ഐ.പി.എസ് ഓഫീസേഴ്‌സിനെ കണ്ട്, അവരുടെ പെരുമാറ്റവും രീതിയുമെല്ലാം ഒബ്‌സര്‍വ് ചെയ്തിട്ടാണ് സായ് പല്ലവി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഞാന്‍ പ്രതീക്ഷിച്ചത് കൃത്യമായി അവരില്‍ നിന്ന് കിട്ടി,’ രാജ്കുമാര്‍ പെരിയസാമി പറയുന്നു.

മുമ്പ് ചെയ്തുവെച്ച കഥാപാത്രങ്ങളുടെ യാതൊരു സാമ്യതയും ഇതില്‍ പാടില്ല എന്ന നിര്‍ബന്ധം തനിക്കും സായ് പല്ലവിക്കും ഉണ്ടായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. അതിന് വേണ്ടിയാണ് പൊലീസ് ഓഫീസര്‍മാരെ കണ്ടതെന്നും അത് സിനിമക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ക്രാഫ്റ്റിനോട് സായ് വളരെയധികം ഡെഡിക്കേറ്റഡാണെന്നും രാജ്കുമാര്‍ പെരിയസാമി പറഞ്ഞു.

Content Highlight: Rajkumar Periyasamy about Sai Pallavi’s look in Om movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more