| Thursday, 29th October 2026, 8:15 pm

മമ്മൂട്ടി സാറിന്റെ നമ്പര്‍ എനിക്ക് തന്നത് ആ മലയാള നടന്‍, ഇന്ദ്രന്‍സ് സാറും ഓമിന്റെ ഭാഗമാണ്: രാജ്കുമാര്‍ പെരിയസാമി

അമര്‍നാഥ് എം.

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഓം ചാപ്റ്റര്‍ വണ്‍. അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. തമിഴ് സൂപ്പര്‍താരം ധനുഷിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നതാണ് ഓമിന്റെ ഹൈപ്പ് ഫാക്ടറുകളിലൊന്ന്.

സമീപകാലത്ത് ഒരു മലയാളനടന് ലഭിച്ചതില്‍ വെച്ച് ഏറ്റവും മാസായിട്ടുള്ള ക്യാരക്ടര്‍ ടീസറാണ് മമ്മൂട്ടിക്ക് ലഭിച്ചത്. സിയ എന്നറിയപ്പെടുന്ന ബര്‍മാ കാര്‍ത്തികേയനായാണ് മമ്മൂട്ടി വേഷമിടുന്നത്. ധനുഷിനെ ഓവര്‍ഷാഡോ ചെയ്യുന്ന മാസ് കഥാപാത്രമാണെന്ന് ടീസര്‍ സൂചന നല്‍കുന്നു. ചിത്രത്തിന്റെ കഥ എഴുതിയപ്പോള്‍ വളരെ ടാലന്റഡായിട്ടുള്ള നടന്‍ വേണമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി.

‘മറ്റൊരു ഭാഷയില്‍ നിന്ന് ഏതെങ്കിലും നല്ല നടനെ വിളിക്കണമെന്ന് വിചാരിച്ചു. മമ്മൂട്ടി സാറായാല്‍ ഗംഭീരമാകുമെന്ന് തോന്നി. അദ്ദേഹത്തിന്റെ നമ്പര്‍ തന്നത് മലയാള നടന്‍ സിദ്ദിഖാണ്. ഞാന്‍ മമ്മൂട്ടി സാറിനെ വിളിച്ച് കഥ പറഞ്ഞു. പക്ഷേ, ആ സമയത്ത് അദ്ദേഹം ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്നു. അദ്ദേഹം തിരിച്ചുവരാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നു,’ രാജ്കുമാര്‍ പെരിയസാമി പറയുന്നു.

പിന്നീട് ചെന്നൈയില്‍ വന്നപ്പോള്‍ അദ്ദേഹം തന്നെ വിളിപ്പിച്ചെന്നും അവിടെ വെച്ചാണ് കഥ മുഴുവന്‍ പറഞ്ഞതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റ് മുഴുവന്‍ കേട്ടപ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും അധികം വൈകാതെ ചെയ്യാമെന്ന് സമ്മതിച്ചെന്നും രാജ്കുമാര്‍ പെരിയസാമി പറയുന്നു. മമ്മൂട്ടി ഓക്കെ പറഞ്ഞതോടെ കഥയില്‍ തനിക്ക് കൂടുതല്‍ വിശ്വാസം വന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കഥയില്‍ ഒരുപാട് സബ് ബ്രാഞ്ചുകളുണ്ട്. എല്ലാം പരസ്പരം ലിങ്ക് ചെയ്ത് കിടക്കുകയാണ്. കഥയുടെ അവസാനമായിരിക്കും ഓരോ ഇന്‍സിഡന്റും തമ്മിലുള്ള ബന്ധം വ്യക്തമാവുക. മമ്മൂട്ടി സാറിന്റെ ക്യാരക്ടറിനെ മാര്‍ട്ടിന്‍ സ്‌കോര്‍സേസെ സിനിമകളിലെ ഗ്യാങ്‌സ്റ്ററിനെപ്പോലെ പ്രസന്റ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്. മമ്മൂട്ടി സാറിന് പുറമെ നസറുദ്ദീന്‍ ഷാ സാറും ഈ സിനിമയിലുണ്ട്. മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സ് സാറും ഓമിന്റെ ഭാഗമാണ്,’ സംവിധായകന്‍ പറഞ്ഞു.

ധനുഷിനും മമ്മൂട്ടിക്കും പുറമെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍. നിത്യ റെഡ്ഡി എന്ന പൊലീസ് ഓഫീസറായാണ് സായ് പല്ലവി വേഷമിടുന്നത്. തമിഴിലെ പുത്തന്‍ സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ഓമിന്റെ സംഗീതം. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rajkumar Periyasamy about Om movie and Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more