മണിരത്‌നം ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച വ്യക്തിയാണ് രാജീവ് മേനോന്‍. റോജ എന്ന ചിത്രത്തിലെ നായകവേഷത്തിനായി മണിരത്‌നം ആദ്യം സമീപിച്ചത് രാജീവിനെയായിരുന്നു. എന്നാല്‍ ആ വേഷം നിരസിച്ച രാജീവ് ബോംബൈ എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മിന്‍സാര കനവ് തുടങ്ങിയ ഹിറ്റുകള്‍ സംവിധാനം ചെയ്ത രാജീവ് മേനോന്‍ ഹരികൃഷ്ണന്‍സിലൂടെ മലയാളികള്‍ക്കും പരിചിതനായി.
പരസ്യചിത്ര മേഖലയിലും തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം വിടുതലൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തി. രാജീവ് മേനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. അജിത് കുമാര്‍, മമ്മൂട്ടി, ഐശ്വര്യ റായ്, അബ്ബാസ് തബു തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്.
ചിത്രത്തിന് സംഭാഷണങ്ങളെഴുതിയത് സുജാത രംഗനായിരുന്നു. തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനായ സുജാതയെക്കുറിച്ച് സംസാരിക്കുകയാണ് രാജീവ് മേനോന്‍. തമിഴ് സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് സുജാതയെന്ന് രാജീവ് മേനോന്‍ പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴ് സിനിമയുടെ മാറ്റത്തില്‍ വലിയൊരു പങ്ക് വഹിച്ചയാളാണ് സുജാത സാര്‍. സിനിമയില്‍ ഇപ്പോള്‍ കാണുന്ന മോഡേണ്‍ തമിഴ് ഉപയോഗിച്ച് തുടങ്ങിയത് സുജാത സാര്‍ വന്നതിന് ശേഷമാണ്. അതിന് മുമ്പ് അച്ചടിഭാഷയില്‍ സംസാരിച്ച തമിഴ് സിനിമയെ അദ്ദേഹം പൂര്‍ണമായും മറ്റൊരു ട്രാക്കിലാക്കി. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് മികച്ച അനുഭവമാണ്.
ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചും കര്‍ണാടക സംഗീതത്തെപ്പറ്റി ചര്‍ച്ച ചെയ്തുമൊക്കെയാണ് സമയം കളഞ്ഞിരുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും അപാരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സുജാത സാറിന്റെ വിയോഗം തമിഴ് സിനിമക്ക് എല്ലാകാലത്തും വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തെപ്പോലൊരാള്‍ ഇനിയുണ്ടാകില്ല,’ രാജീവ് മേനോന്‍ പറഞ്ഞു.
സുജാത
എസ്. രംഗരാജന്‍ എന്ന എഴുത്തുകാരന്റെ തൂലികാനാമമായിരുന്നു സുജാത. തമിഴിലെ എക്കാലത്തെയും മികച്ച നോവലിസ്റ്റുകളില്‍ ഒരാളായ അദ്ദേഹം നിരവധി സിനിമകള്‍ക്ക് സംഭാഷണമൊരുക്കിയിട്ടുണ്ട്. ഷങ്കറിന്റെ ഭൂരിഭാഗം സിനിമകളിലും സുജാതയായിരുന്നു സംഭാഷണമൊരുക്കിയത്. 20ന് മുകളില്‍ നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Content Highlight: Rajiv Menon saying writer Sujatha’s demise badly affected Tamil Cinema