| Sunday, 3rd May 2026, 9:22 am

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ വേഷത്തിനായി മഞ്ജു വാര്യറെ സമീപിച്ചിരുന്നു, കഥ ഇഷ്ടമായിട്ടും അവര്‍ ചെയ്യാത്തത് ഒരൊറ്റ കാരണം കൊണ്ട്: രാജീവ് മേനോന്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രഹകരില്‍ ഒരാളാണ് രാജീവ് മേനോന്‍. ഗിരീഷ് കര്‍ണാട്, പി.സി. ശ്രീറാം തുടങ്ങിയവരുടെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു. മണിരത്‌നത്തിനൊപ്പം നിരവധി ഹിറ്റുകളൊരുക്കിയ രാജീവ് മേനോന്‍ സംവിധായകനായും അഭിനേതാവായും ഞെട്ടിച്ചിട്ടുണ്ട്.

തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ മിന്‍സാരക്കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയത് രാജീവ് മേനോനാണ്. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. രണ്ട് സിനിമകളും ഒരുക്കുന്ന സമയത്ത് കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഒരുപാട് കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും രാജീവ് മേനോന്‍ പറഞ്ഞു.

രാജീവ് മേനോന്‍ Photo: Screen grab/ I Am with Dhanya Varma

മിന്‍സാരക്കനവിലേക്ക് നായികയായി ആദ്യം മനസില്‍ കണ്ടത് ഐശ്വര്യ റായ്‌യെ ആയിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് പരസ്യങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത പരിചയമായിരുന്നു ഐശ്വര്യ റായ്‌യുമായി ഉണ്ടായിരുന്നതെന്നും അവര്‍ക്ക് കഥ ഇഷ്ടമായെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവര്‍ എന്ന ചിത്രമുള്ളതിനാല്‍ ഐശ്വര്യ റായ് മിന്‍സാരക്കനവ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ പലപ്പോഴും ഞാന്‍ കുറച്ചധികം ശ്രദ്ധ നല്‍കാറുണ്ട്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന പടത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു. അതിലെ ഒരു കഥാപാത്രത്തിനായി ആരെ കാസ്റ്റ് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചു. വളരെ ബോള്‍ഡായ, ശക്തമായ ഒരു സ്ത്രീ കഥാപാത്രം വേണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ മഞ്ജു വാര്യറുടെ സിനിമകള്‍ ധാരാളമായി കാണുകയായിരുന്നു.

അവരോട് ഞാന്‍ സിനിമയുടെ കഥ പറഞ്ഞു, മഞ്ജുവിന് ആ കഥ ഒരുപാട് ഇഷ്ടമായി. പക്ഷേ, അവര്‍ കല്യാണം കഴിക്കാന്‍ പോകുന്ന സമയമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നും മഞ്ജു പറഞ്ഞു. പിന്നീടാണ് ആ കഥാപാത്രം തബുവിലേക്ക് എത്തിയത്. ഒരുപാട് ലെയറുകളും ഇമോഷനുകളുമുള്ള കഥാപാത്രം തബു ഗംഭീരമാക്കി,’ രാജീവ് മേനോന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച പേട്രിയറ്റില്‍ ജെ.പി സുന്ദരം എന്ന വില്ലനായാണ് അദ്ദേഹം വേഷമിട്ടത്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനി- കമല്‍ റീയൂണിയനില്‍ ക്യാമറ ചലിപ്പിക്കുന്നതും രാജീവ് മേനോന്‍ തന്നെയാണ്.

Content Highlight: Rajiv Menon saying he planned to cast Manju Warrier in Kndukondein Kandukondein movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more