മണിരത്‌നത്തിന്റെ സഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് രാജീവ് മേനോന്‍. ബോംബൈ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായ രാജീവ് മേനോന്‍ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സില്‍ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികള്‍ക്കിടയിലും അദ്ദേഹം ശ്രദ്ധേയനായി.
മമ്മൂട്ടി, അജിത്, ഐശ്വര്യ റായ്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് മേനോന്‍ ഒരുക്കിയ ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. സിനിമാപ്രേമികളുടെ ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട പാട്ടുകളെല്ലാം ഇന്നും പലരുടെയും പ്ലേലിസ്റ്റുകള്‍ ഭരിക്കുന്നവയാണ്.
ചിത്രത്തില്‍ ഇന്നും പലരും ഏറ്റവുമധികം പ്രശംസിക്കുന്നത് ക്ലൈമാക്‌സിനോടടുത്ത രംഗങ്ങളാണ്. മമ്മൂട്ടിയും ഐശ്വര്യ റായ്‌യും തമ്മിലുള്ള അതിവൈകാരികമായ പ്രണയരംഗം ഇന്നും സോഷ്യല്‍ മീഡിയ ഭരിക്കുന്നുണ്ട്. എന്നാല്‍ ആ ക്ലൈമാക്‌സ് രംഗം റീഷൂട്ട് ചെയ്തതാണെന്ന് പറയുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍.
‘സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ആ സീന്‍ റീഷൂട്ട് ചെയ്തതാണ്. ആദ്യം എടുത്തത് ഇങ്ങനെയായിരുന്നില്ല. അത്രയും ഡയലോഗിനൊടുവില്‍ ഐശ്വര്യ റായ്‌യുടെ ക്യാരക്ടര്‍ മമ്മൂട്ടി സാറെ കെട്ടിപ്പിടിക്കുന്നുണ്ട്. വിടാന്‍ ശ്രമിച്ച ശേഷം മമ്മൂട്ടി സാറും തിരിച്ച് കെട്ടിപ്പിടിക്കുന്നതായാണ് സീന്‍. അങ്ങനെയാണ് ഷൂട്ട് ചെയ്തത്.
പക്ഷേ പിന്നീട് ആ സീന്‍ കണ്ടപ്പോള്‍ അതില്‍ ചെറിയ പ്രശ്‌നമുള്ളതായി തോന്നി. അത്രയും നേരം തന്നെ സ്‌നേഹിക്കരുതെന്ന് വലിയ ഡയലോഗൊക്കെ അടിച്ച ബാലചന്ദ്രന്‍ എന്ന ക്യാരക്ടര്‍ പെട്ടെന്ന് തിരിച്ച് കെട്ടിപ്പിടിച്ചത് ശരിയല്ല എന്നൊരു തോന്നല്‍ വന്നു. അങ്ങനെ അത് റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ‘എന്ത് പറ്റി, എല്ലാം ഓക്കെയാണന്നല്ലേ പറഞ്ഞത്,’ എന്ന് മമ്മൂട്ടി സാര്‍ ചോദിച്ചു.
കാര്യം വിശദമാക്കിയപ്പോള്‍ അദ്ദേഹം അതിന് സമ്മതിച്ചു. ഐശ്വര്യയുടെ ക്യാരക്ടര്‍ കെട്ടിപ്പിടിച്ച ശേഷം അയാള്‍ വല്ലാത്തൊരു അവസ്ഥയിലെത്തുന്നുണ്ട്. പിന്നീട് അങ്ങോട്ടുള്ള ഭാഗം പക്കാ പോയട്രിയാണ്. ‘എല്ലാ ചോദ്യത്തിനും എന്റെ കൈയില്‍ ഉത്തരമില്ല. ഈ പച്ചക്കണ്‍ ദേവതയെ എന്റെ കയ്യില്‍ തന്നാല്‍ നോക്കിക്കോളാം’ എന്നൊക്കെയുള്ള ഡയലോഗ് വല്ലാത്ത ഫീലായിരുന്നു. മുമ്പ് മീനാക്ഷി അവളുടെ സ്വപ്‌നത്തില്‍ മാത്രം കേട്ട ഒരു പാട്ടാണ് അവിടെ ബി.ജി.എം ആയി ഉപയോഗിച്ചത്,’ രാജീവ് മേനോന്‍ പറഞ്ഞു.
Content Highlight: Rajiv Menon about the climax scene of Kandukondain Kandukondain