| Sunday, 2nd August 2020, 11:45 am

'രാജീവ് ഗാന്ധി രണ്ടാം കര്‍സേവകന്‍; ഒന്നാമന്‍ രാമവിഗ്രഹം ഒളിച്ചുകടത്താന്‍ സഹായിച്ച കെ.കെ നായര്‍'; വീണ്ടും ചര്‍ച്ചയായി മാധവ് ഗൊഡ്ബാളെയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനു വിളിക്കാത്തതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗൊഡ്ബാളെയുടെ വാക്കുകള്‍. ‘രാം മന്ദിര്‍-ബാബ്റി മസ്ജിദ് ഡിലെമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാസ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പുസ്തകത്തിലെ മാധവ് ഗൊഡ്ബാളെയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ രാജീവ് ഗാന്ധിയാണ് രണ്ടാം കര്‍സേവകന്‍. ഒന്നാമന്‍ 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം ഒളിച്ചു കടത്താന്‍ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.നായര്‍. പള്ളിപൊളിച്ചപ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങാണ് മൂന്നാമന്‍. നാലാം സ്ഥാനത്ത് ആരെന്ന് പറയുക എളുപ്പമല്ല. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവിധി പേര്‍ക്ക് അര്‍ഹതയുണ്ട്’. എന്നാണ് തന്റെ പുസ്തകത്തില്‍ ഗൊഡ്ബാളെ പറഞ്ഞത്. 1993 മാര്‍ച്ചില്‍ 18 മാസം സര്‍വീസ് ശേഷിക്കെ അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

തര്‍ക്കം പരിഹരിക്കാന്‍ 1984 മുതല്‍ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയ്ക്ക് അവസരമുണ്ടായിരുന്നെന്ന് തന്റെ പുസ്തകത്തില്‍ അദ്ദഹം വെളിപ്പെടുത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജയ്ക്ക് വിളിക്കാത്തതില്‍ എതിര്‍പ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് പത്തുമാസം മുന്‍പ് പ്രകാശനം ചെയ്ത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more