| Thursday, 29th January 2026, 7:30 am

എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ചെയ്ത സിനിമ; 25 ദിവസം കൊണ്ട് ഞങ്ങള്‍ ഷൂട്ട് ചെയ്ത് തീര്‍ത്തു: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തി 2022ല്‍ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലവ്. ആഷിക് ഉസ്മാന്‍ നിര്‍മിച്ച ഈ സിനിമ പ്രേക്ഷകരില്‍ നിന്നും നിരൂപക പ്രശംസ നേടി. കൊവിഡ് ലോക്ക് ഡൗണില്‍ എക്‌സ്പിരിമെന്റല്‍ എന്ന പോലെ വന്ന ചിത്രമായിരുന്നു ലവ്.

ഇപ്പോള്‍ ഫോര്‍ത്ത് വാളില്‍ നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് രജിഷ വിജയന്‍. കൊവിഡ് ആയി വീട്ടില്‍ പ്രാന്ത് പിടിച്ചിരിക്കുന്ന സമയത്ത് ഒരു ഷോര്‍ട് ഫിലിം ചെയ്താലോ എന്ന ഐഡിയയില്‍ നിന്ന് ഉണ്ടായ സിനിമയാണ് ലവ് എന്ന് രജിഷ പറയുന്നു.

Love/ First Look poster

‘എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. ഒരു ഷോര്‍ട് ഫിലിം അല്ല ചെറിയ സിനിമ തന്നെ എടുത്തേക്കാം എന്ന തീരുമാനത്തില്‍ ഞങ്ങളെല്ലാവരും അപ്പോള്‍ എത്തി. പിന്നീട് ഞങ്ങള്‍ ഒരു ഫ്‌ളാറ്റിനകത്ത് 25 ദിവസം കൊണ്ട് 25 ആളുകളുമായ് ആ സിനിമ ഷൂട്ട് ചെയ്തു തീര്‍ത്തു.

പോയി വരാനും മറ്റും അന്ന് റെസ്ട്രിക്ഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാനും മറ്റൊരാളും മാത്രം പോയി വരും. മറ്റ് ടെക്‌നീഷ്യന്‍സും എല്ലാവരും ഫ്‌ളാറ്റില്‍ തന്നെ താമസിക്കുകയായിരുന്നു.

പക്ഷേ ആ സിനിമ ഒരു ഗംഭീര പ്രോസസ് ആയിരുന്നു. സിനിമ ഇനി എങ്ങനെ ചെയ്യും, ജീവിതത്തില്‍ ഇനി എന്ത് ചെയ്യും നാലാളെ എങ്ങനെ കാണാന്‍ പറ്റും എന്ന് പറയുന്ന പോയിന്റില്‍ വെറുമൊരു ഫ്‌ളാറ്റിനുള്ളില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ് ലവ്,’ രജിഷ പറയുന്നു.

സിനിമയുടെ അധികഭാഗവും വാഷ് റൂമിന്റെ ഉള്ളില്‍ നിന്ന് ഷൂട്ട് ചെയ്തതാണെന്നും ജിംഷി ഖാലിദിന്റെ ഏറ്റവും മികച്ച വര്‍ക്കില്‍ ഒന്നാണ് ലവ് എന്നും രജിഷ പറഞ്ഞു.

ഇത്രയേറെ നിയന്ത്രണങ്ങള്‍ വെച്ചാല്‍ ഏതൊരു ക്യാമറ മാനും അത് ബുദ്ധിമുട്ടായിരിക്കുമെന്നും അത് മികച്ച രീതിയില്‍ ചെയ്യാന്‍ ജിംഷി ഖാലിദിന് കഴിഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇനിയെങ്ങനെ പുതിയൊരു ഫ്രെയിം വെക്കാനാ എന്നു പറഞ്ഞുകൊണ്ട് ഭ്രാന്ത് പിടിച്ച് ജിംഷി നടന്നുപോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്നും രജിഷ പറഞ്ഞു.

ഖാലിദ് റഹ്‌മാന്റെ തന്നെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രജിഷ വിജയന്‍. പിന്നീട് ജൂണ്‍ ഫൈനല്‍സ്, തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രജിഷയ്ക്ക് കഴിഞ്ഞു.

പിന്നീട് കര്‍ണന്‍, ജയ് ഭീം, ബൈസണ്‍ തുടങ്ങി തമിഴ് സിനിമകളിലും ഭാഗമയ രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം കളങ്കാവലാണ്. ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്‌ക മരണമാണ് രജിഷയുടെതായി വരാനിരിക്കുന്ന ചിത്രം

Content highlight: Rajisha Vijayan talks about the movie Love

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more