| Thursday, 12th February 2026, 3:46 pm

ഡോക്യുമെന്ററി കണ്ട മുതല്‍ കണ്ട്രോള്‍ ചെയ്യേണ്ടത് അവരല്ല എന്ന് തീരുമാനിച്ചു, എട്ട് വര്‍ഷമായി വാട്‌സാപ്പ് ഉപയോഗിച്ചിട്ട്: രജിഷ വിജയന്‍

അശ്വിന്‍ രാജേന്ദ്രന്‍

അരങ്ങേറ്റ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി മലയാള സിനിമയിലേക്കുള്ള തന്റെ വരവറിയിച്ച നടിയാണ് രജിഷ വിജയന്‍. ജൂണ്‍, കര്‍ണ്ണന്‍, ജയ് ഭീം, കളങ്കാവല്‍ തുടങ്ങി ഒട്ടേറെ തമിഴ് മലയാളം ചിത്രങ്ങളുടെ ഭാഗമായ രജിഷയുടെതായി വമ്പന്‍ പ്രൊജക്ടുകളാണ് തമിഴിലും മലയാളത്തിലുമായി വരാനിരിക്കുന്നത്.

കൃഷാന്ദ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം മസ്തിഷ്‌ക മരണത്തില്‍ താരം ചെയ്ത ഐറ്റം ഡാന്‍സ് സോങ് അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

മസ്തിഷ്‌ക മരണം. Photo: Saregama Malayalam

എട്ട് വര്‍ഷത്തോളമായി വാട്‌സാപ്പ് ഉപയോഗിച്ചിട്ടെന്നും കോളേജില്‍ പഠിക്കുന്ന സമയത്താണ് ഫേസ്ബുക്ക് ഉപയോഗിച്ചതെന്നും പിന്നീട് അതും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ഇപ്പോള്‍ വല്ലപ്പോഴും ഉപയോഗിക്കുന്നത് ഇന്‍സ്റ്റഗ്രാം ആണെന്നും വെര്‍ച്ച്വല്‍ വേള്‍ഡില്‍ ജീവിക്കുന്നതിനെക്കാള്‍ റിയല്‍ വേള്‍ഡില്‍ സമയം ചെലവഴിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും രജിഷ പറഞ്ഞു.

‘റീല്‍സെല്ലാം വന്നതിന് ശേഷം ഒരു ബുക്ക് വായിക്കാനോ, ഫാമിലിക്കൊപ്പം ചിലവഴിക്കാനോ ഒന്നും ആള്‍ക്കാര്‍ക്ക് സമയമില്ല. പക്ഷേ ഈ ഫോണ്‍ ഒന്ന് മാറ്റിവെച്ചാല്‍ ഒരുപാട് സമയമാണ് നമ്മുടെ കൈയില്‍ ഉണ്ടാകുക. നെറ്റ്ഫ്‌ളിക്‌സില്‍ സോഷ്യല്‍ ഡിലെമ എന്ന ഒരു ഡോക്യുമെന്ററി ഉണ്ട്. അത് കണ്ടതിന് ശേഷം എന്റെ ഫോണിലെ ഒരു പത്തോളം ആപ്പുകള്‍ ഞാന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.

Photo: designing tomorrow

ഏതൊക്കെ പോയിന്റില്‍ ഏതൊക്കെ കോര്‍പ്പറേറ്റ് കമ്പനികളാണ് നമ്മുടെ അല്‍ഗോരിതം മാറ്റി നമ്മുടെ തോട്ട് പ്രൊസസ്സുകള്‍ മാറ്റുന്നത് എന്നെല്ലാം അറിഞ്ഞപ്പോള്‍ അത്തരത്തിലൊരു നിയന്ത്രണം ആരുടെ അടുത്തും കൊടുക്കേണ്ടതില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെ ഇതെല്ലാം മാറ്റിവെച്ചപ്പോള്‍ പുതിയ സ്‌കില്‍ പഠിക്കാന്‍ ഒരുപാട് സമയം കിട്ടി,’ രജിഷ പറഞ്ഞു.

നടി ഐശ്വര്യ ലക്ഷ്മി പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറിയതു പോലെ താന്‍ ചെയ്തിട്ടില്ലെന്നും വല്ലപ്പോഴും തോന്നുമ്പോള്‍ ഉപയോഗിക്കുമെന്നും രജിഷ പറയുന്നു. 2020 ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രിമീയര്‍ ചെയ്ത ഡോക്യൂഡ്രാമയാണ് സോഷ്യല്‍ ഡിലെമ. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നേരിടുന്ന പ്രതിസന്ധികളാണ് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്.

Content Highlight: Rajisha vijayan talks about how she controlled social media usage

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more