| Wednesday, 28th January 2026, 8:50 am

ആ സീനൊരു മാജിക്കാണ്; ഇന്നും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നു: രജിഷ വിജയൻ

നന്ദന എം.സി

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് രജിഷ വിജയൻ. സിനിമകളുടെ തെരഞ്ഞെടുപ്പിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന താരം ഇന്ന് മലയാളത്തിനൊപ്പം തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയെന്ന അപൂർവ നേട്ടവും രജിഷയുടെ കരിയറിലെ പ്രത്യേകതയാണ്.

തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയും അതിലെ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു രംഗവും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതിനെക്കുറിച്ചാണ് താരം അടുത്തിടെ സംസാരിച്ചത്. അഞ്ജലി പിള്ളയുടെ ‘ദ ഫോർത്ത് വാൾ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിഷ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

അനുരാഗ കരിക്കിൻ വെള്ളം , Photo: YouTube/ Screen grab

‘ഒരു സീൻ എന്റെ തലവരി മാറ്റി എന്ന് പറയാൻ എനിക്ക് കഴിയില്ല. പക്ഷേ ചിലപ്പോൾ അനുരാഗ കരിക്കിൻ വെള്ളത്തിലെ ബ്രേക്കപ്പ് സീനായിരിക്കാം ആളുകൾ അങ്ങനെ ഓർക്കുന്നത്. അത് എന്റെ ആദ്യ സിനിമ ആയതുകൊണ്ട് തന്നെ തലവര മാറ്റി എന്ന് പറയാൻ പറ്റില്ല. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും ഇന്നും ആളുകൾ ആ ഒരു സീനിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് അത് ആ സീനിലെ മാജിക്ക് ആണ്,’ രജിഷ പറഞ്ഞു.

ആ രംഗം നന്നായി വർക്ക് ചെയ്തതിന്റെ ക്രെഡിറ്റ് സംവിധായകനും സഹനടനുമായ ആസിഫ് അലൈക്കും കൂടിയാണ് രജിഷ കൂട്ടിച്ചേർത്തു. ‘ആസിഫ് നല്ലൊരു നടനാണ്. ഞങ്ങൾക്കിടയിൽ നല്ലൊരു ‘ഗിവ് ആൻഡ് ടേക്ക്’ ഉണ്ടായിരുന്നു. ഡയറക്ടർ അത് മികച്ച രീതിയിൽ അവതരിപ്പിച്ചതുകൊണ്ടാണ് ആ സീൻ മാജിക്കൽ ആയത്,’ താരം പറഞ്ഞു.

ജൂൺ, Photo: IMDb

അതേസമയം, ജൂൺ എന്ന ചിത്രം കണ്ടതിന് ശേഷമാണ് നിരവധി സംവിധായകർ തന്നെ സമീപിച്ചതെന്നും, ഇന്നും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നതും ചർച്ച ചെയ്യുന്നതുമായ ഒരു സിനിമയാണ് ജൂൺ എന്നും രജിഷ പറഞ്ഞു.

രജിഷ വിജയന്റെ വരാനിരിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് സംവിധാനം ചെയ്യുന്ന മസ്‌തിഷ്‌ക മരണം ആണ്. നിരഞ്ജ് മണിയൻപിള്ള രാജു, ദിവ്യ പ്രഭ, ജഗതീഷ്, സുരേഷ് കൃഷ്ണ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

രജിഷ വിജയൻ, Photo: Rajisha Vijayan/ Facebook

‘മസ്‌തിഷ്‌ക മരണം: എ ഫ്രാങ്കൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നതാണ് ചിത്രത്തിന്റെ പൂർണ്ണ പേര്. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2024 ഇത് ഈ ലോകം എങ്ങനെയായിരിക്കുമെന്നാണ് കാണിക്കുന്നത്.

Content Highlight: Rajisha vijayan talk about the movie Anuraga karikkin vellam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more