ആദ്യചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് രജിഷ വിജയന്‍. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ രജിഷ അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണിലും രജിഷ ശക്തമായ കഥാപാത്രം ചെയ്യുന്നുണ്ട്.
തമിഴില്‍ ആദ്യമായി തനിക്ക് അവസരം നല്‍കിയത് മാരി സെല്‍വരാജായിരുന്നെന്ന് രജിഷ പറഞ്ഞു. പരിയേറും പെരുമാള്‍ എന്ന ചിത്രം കണ്ടതുമുതല്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും കര്‍ണനിലൂടെ അത് സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് ബൈസണിലേക്ക് വിളിച്ചപ്പോള്‍ താന്‍ ഒരുപാട് സന്തോഷിച്ചെന്നും രജിഷ പറയുന്നു.
‘ഈ പടത്തിലേക്ക് എന്നെ വിളിച്ച സമയത്ത് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ചെറിയൊരു സംശയം ഉണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘നായകന്റെ ചേച്ചിയായിട്ടാണ് അഭിനയിക്കേണ്ടത്, അതിന് ഓക്കെയാണോ എന്ന് ഡൗട്ടാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ ഞാന്‍ റെഡിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ഷൂട്ടിനിടയില്‍ ഒരുദിവസം പെട്ടെന്ന് അദ്ദേഹം എന്നോട് ‘നീന്തുന്ന ഒരു സീനുണ്ട്, റെഡിയാണോ’ എന്ന് ചോദിച്ചു. പെട്ടെന്ന് ഉണ്ടാക്കിയ സീനാണത്. അദ്ദേഹത്തിന്റെ രീതി അങ്ങനെയാണ്. കര്‍ണന് വേണ്ടി ഞാന്‍ ചെറുതായി നീന്തല്‍ പഠിച്ചിട്ടുണ്ടായിരുന്നു. ആ ഒരു ധൈര്യത്തില്‍ റെഡിയാണെന്ന് പറഞ്ഞു. നാല് കൊല്ലം മുന്നേ പഠിച്ച നീന്തലാണ്.
ഷോട്ട് എടുത്തപ്പോള്‍ എന്റെ സ്‌കര്‍ട്ട് തടഞ്ഞ് മുങ്ങിപ്പോയി. എനിക്ക് ബാലന്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. മരണം മുന്നില്‍ കണ്ട കുറച്ച് നിമിഷങ്ങളായിരുന്നു അത്. ആരൊക്കെയോ എന്നെ എടുത്ത് പൊക്കിക്കൊണ്ട് കരയിലേക്ക് കൊണ്ടുവന്നു. വെള്ളത്തിലേക്ക് നോക്കിയപ്പോള്‍ കൂളിങ് ഗ്ലാസൊക്കെയിട്ട് ഒരാള്‍ നില്‍ക്കുന്നു. വേറെയാരുമല്ല. മാരി സാറായിരുന്നു അത്. ഷൂവും ഗ്ലാസുമൊന്നും ഊരാതെ നേരിട്ട് വെള്ളത്തിലേക്ക് ചാടി എന്നെ രക്ഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു’ രജിഷ വിജയന്‍ പറയുന്നു.
തമിഴ്‌നാട്ടിലെ ജാതി വിവേചനത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ബൈസണ്‍. ദേശീയ കബഡി താരമായ മാനതി ഗണേശന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി ബൈസണ്‍ ഒരുക്കിയിട്ടുള്ളത്. ധ്രുവ് വിക്രം നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, പശുപതി, ലാല്‍, അമീര്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നിട്ടുള്ളത്.
Content Highlight: Rajisha Vijayan shares the shooting experience of Bison movie and Mari Selvaraj