| Thursday, 29th January 2026, 4:57 pm

സ്ത്രീ കഥാപാത്രങ്ങള്‍ വല്ലാതെ കുറഞ്ഞപ്പോള്‍ പേടിച്ചു; ആ സിനിമ പ്രതീക്ഷ നല്‍കി: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

ഡൊമിനിക്ക് അരുണും ശാന്തി ബാലചന്ദ്രനും ചേര്‍ന്ന് തിരക്കഥ എഴുതി ഡൊമിനിക് സംവിധാനം ചെയ്ത് 2025ലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍, സാന്‍ഡി, ടൊവിനോ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാളത്തിലെ ആദ്യം 300 കോടിയായി മാറി.

ഇപ്പോള്‍ ഫോര്‍ത്ത് വാളുമായുള്ള അഭിമുഖത്തില്‍ ലോകഃയുടെ വിജയം തന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്ന് നടി രജിഷ വിജയന്‍ പറയുന്നു.

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര / Theatrical poster

‘ഇടയ്ക്ക് വെച്ച് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വല്ലാതെ കുറഞ്ഞിരുന്നു. ഇപ്പോള്‍ അത് തിരിച്ചു വന്നു എന്ന് തോന്നുന്നു. ലോകഃ സിനിമ വന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ഒരു സെറ്റില്‍ വെച്ച് നിമിഷ് ഈ സിനിമയുടെ ഐഡിയ പറഞ്ഞിരുന്നു.അങ്ങനെയാണ് ലോക സംഭവിച്ചത്.

നിമിഷും ഡൊമിനിക് അരുണും കുറെ കാലമായി ഈ സിനിമയുടെ പുറകില്‍ തന്നെ ആയിരുന്നു. അന്ന് ഈ ഐഡിയ പറഞ്ഞപ്പോഴേ ഞാന്‍ എക്‌സൈറ്റഡ് ആയിരുന്നു. ഈ സിനിമ എന്തായാലും നടക്കട്ടെ എന്ന് തന്നെ ഞാന്‍ വിചാരിച്ചു. ലോകഃ തിയേറ്ററില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. കാരണം ഞാന്‍ കുറേക്കാലമായി ആഗ്രഹിക്കുന്നു മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ സിനിമ വരണമെന്ന്.

അങ്ങനെയുള്ള വ്യത്യസ്തമായ സിനിമകള്‍ വരുമ്പോള്‍ അത് നമുക്ക് പ്രചോദനമാണ്. ഞാന്‍ ആ സിനിമയുമായി യാതൊരു തരത്തിലും ഭാഗമല്ല. ഒരു പ്രേക്ഷക എന്ന നിലയില്‍ അല്ലാതെ സിനിമയുടെ ഭാഗമല്ല ഞാന്‍. എന്നാല്‍ അതില്‍ വര്‍ക്ക് ചെയ്ത ഒരുപാട് പേര്‍ എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. കല്യാണി ശാന്തി അങ്ങനെ പലരും.

ലോകഃയുടെ വിജയം വ്യക്തിപരമായി സന്തോഷം നല്‍കിയെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നമുക്കും ചെയ്യാന്‍ പറ്റുമെന്ന് ഇത്തരം സിനിമകള്‍ കാണുമ്പോള്‍ തോന്നുമെന്നും നടി പറഞ്ഞു.

മലയാളത്തിന് പുറമേ അന്യഭാഷയിലും ശ്രദ്ധിക്കപ്പെട്ട ലോകഃ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫയര്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിമിഷ് രവിയാണ്. ചമന്‍ ചാക്കേയാണ് എഡിറ്റിങ് കൈകാര്യം ചെയ്തത്.

അതേസമയം കളങ്കാവലാണ് രജിഷയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. കൃഷാന്ദിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന മസ്തിഷ്‌ക മരണത്തില്‍ രജിഷ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Rajisha Vijayan says that the success of Lokah Cinema has given her hope

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more